അബുദാബി: ദക്ഷിണാഫ്രിക്കയെ അഞ്ചുവിക്കറ്റിന് കീഴടക്കിയ ഓസ്‌ട്രേലിയ ഏഴാമത് ട്വന്റി 20 ലോകകപ്പിലെ ആദ്യവിജയം സ്വന്തമാക്കി. രണ്ടു പന്ത് ബാക്കിനിൽക്കേയാണ് ജയം കുറിച്ചത്. സ്‌കോർ: ദക്ഷിണാഫ്രിക്ക 20 ഓവറിൽ ഒമ്പതിന് 118, ഓസ്‌ട്രേലിയ 19.4 ഓവറിൽ അഞ്ചിന് 121.

ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്കയുടെ ഓപ്പണർ ടെംബ ബാവുമ (12), ക്വിന്റൺ ഡി കോക്ക് (7), റാസി വാൻഡെർ ഡ്യൂസൻ (2) എന്നിവർ തുടക്കത്തിലേ പുറത്തായതോടെ മൂന്നിന് 23 എന്നനിലയിലായി. നാലാമനായ എയ്ഡൻ മാർക്രം (40), ഡേവിഡ് മില്ലർ (16), അവസാ ഘട്ടത്തിൽ കാഗിസോ റബാഡ (19*) എന്നിവർ ചേർന്നാണ് 118 റൺസിലെത്തിച്ചത്.

ഓസ്‌ട്രേലിയയുടെ ബാറ്റിങ്ങും അനായാസമായിരുന്നില്ല. മുൻനിര ബാറ്റ്സ്‌മാന്മാരായ ഡേവിഡ് വാർണർ (14), ആരോൺ ഫിഞ്ച് (0), മിച്ചൽ മാർഷ് (11) എന്നിവർ പുറത്താകുമ്പോൾ 38 റൺസിൽ എത്തിയതേയുള്ളൂ. സ്റ്റീവ് സ്മിത്ത് (35), ഗ്ലെൻ മാക്‌സ്‌വെൽ (18) എന്നിവർ ചേർന്ന് നാലാം വിക്കറ്റിൽ 32 റൺസ് ചേർത്തു. ഇരുവരും പുറത്തായതോടെ പ്രതിസന്ധിയിലായി. ഉജ്ജ്വല ക്യാച്ചുകളിലൂടെയാണ് ആദ്യനാലുപേരെ മടക്കിയത്.

അവസാന മൂന്ന് ഓവറിൽ 25 റൺസ് വേണ്ടിയിരുന്നു. അവസാന ഓവറിൽ എട്ടു റൺസ് വേണ്ടിയിരിക്കെ, മാർക്കസ് സ്റ്റോയ്‌നിസിന്റെ (24*) രണ്ടു ഫോറുകൾ ജയം കുറിച്ചു. മാത്യു വെയ്ഡ് (15*) പുറത്താകാതെനിന്നു. നാല് ഓവറിൽ 19 റൺസിന് ഡി കോക്ക്, വാൻഡെർ ഡ്യൂസൻ എന്നിവരെ മടക്കിയ ഓസ്‌ട്രേലിയൻ പേസർ ജോഷ് ഹേസൽവുഡ് കളിയിലെ താരമായി.