: പുതിയ പരിശീലകന്റെ ഫോട്ടോയുടെ പേരിൽ പുലിവാല് പിടിച്ച് മേജർ ലീഗ് സോക്കർ ക്ലബ്ബായ എഫ്.സി. സിൻസിനാറ്റി. മാഞ്ചെസ്റ്റർ യുണൈറ്റഡ് മുൻ താരം ജാപ് സ്റ്റാമിനെ പരിശീലകനാക്കിയ ക്ലബ്ബ് അത് പ്രഖ്യാപിക്കുമ്പോൾ സാമൂഹികമാധ്യമത്തിൽ തെറ്റായ ഫോട്ടോ നൽകിയതാണ് വൈറലായത്.

സ്റ്റാമിന് പകരം അയാക്സ് യൂത്ത് ടീം പരിശീലകൻ ടിനുസ് വാൻ ട്യൂണെൻബ്രോക്കിന്റെ ചിത്രമാണ് ക്ലബ്ബ് നൽകിയത്. പരിശീലകനെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്റിലായിരുന്നു മണ്ടത്തരം പിണഞ്ഞത്.

ആരാധകരും മറ്റ് ക്ലബ്ബുകളും മണ്ടത്തരം ആഘോഷിച്ചതോടെ ചിത്രംമാറ്റി ‘യഥാർഥ പരിശീലകന് സ്വാഗതം’ എന്ന ട്വീറ്റോടെ ക്ലബ്ബ് തെറ്റുതിരുത്തി. ഡച്ച് ക്ലബ്ബ് ഫെയ്‌നൂർദിൽ നിന്നാണ് മുൻ പ്രതിരോധനിരതാരം കൂടിയായ പരിശീലകൻ എത്തുന്നത്. മുമ്പ് ഇംഗ്ലീഷ് ക്ലബ്ബ് റെഡ്ഡിങ്ങിനെയും പരിശീലിപ്പിച്ചിട്ടുണ്ട്. മാഞ്ചെസ്റ്റർ യുണൈറ്റഡിന് പുറമെ മിലാൻ, അയാക്സ്, ലാസിയോ, പി.എസ്.വി. ഐന്തോവൻ തുടങ്ങിയ ക്ലബ്ബുകൾക്കായും ഡച്ച് താരം ബൂട്ടുകെട്ടി.