പതിമ്മൂന്ന്‌ വർഷങ്ങൾക്കുമുമ്പാണ് ഹരിയാണയിലെ സോനിപത്ത് സ്വദേശിനിയായ സാവിത്രി ദേവി തന്റെ മൂന്ന് പെൺമക്കളിൽ ഇളയവളെ അവിടെയുള്ള ഹോക്കി അക്കാദമിയിൽ ചേർക്കുന്നത്. എന്നും കള്ളുകുടിച്ചെത്തുന്ന ഭർത്താവിന്റെ അടിയിൽനിന്നും ചീത്തവിളിയിൽനിന്നും മകളെ രക്ഷിക്കാൻ ആ അമ്മകണ്ട മാർഗമായിരുന്നു ഹോക്കി കളിക്കാൻ വിടുകയെന്നത്. അന്ന് അച്ഛനെ പേടിച്ച് കൈയിലെടുത്ത ഹോക്കി സ്റ്റിക്കുമായി കളിച്ചുവളർന്ന മകൾ ശനിയാഴ്ച ഒളിമ്പിക്സിൽ രാജ്യത്തിനായി കളിക്കാനിറങ്ങും. സാവിത്രി ദേവിയുടെ ആ മകളാണ് ഇന്ത്യൻ മധ്യനിരതാരം നേഹ ഗോയൽ.

മുൻ ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റനും അർജുന അവാർഡ് ജേത്രിയുമായ പ്രീതം റാണി സിവാച്ചിന്റെ അക്കാദമിയിലെത്തിയതാണ് 11 വയസ്സുകാരി നേഹയ്ക്ക് തുണയായത്. പരിശീലനത്തിനൊപ്പം കരുതലുമായി പ്രീതം കുഞ്ഞുതാരത്തെ ചേർത്തുനിർത്തി. കളിക്കാനാവശ്യമായ ഉപകരണങ്ങളും ഭക്ഷണവും അടക്കമുള്ളതെല്ലാം പ്രീതം നൽകി. ഒരിക്കൽ ഗുഡ്ഗാവിൽനടന്ന ഒരു സ്റ്റേറ്റ് ലെവൽ മത്സരത്തിനിടെ നേഹ കളത്തിൽ അധികം ഓടാത്തത് പ്രീതത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇടതുകാലിൽ ധരിച്ചിരുന്ന ഷൂവിൽ വലിയൊരു തുളവീണതായിരുന്നു കാരണം. അന്ന് രണ്ടാം പകുതിയിൽ പ്രീതം വാങ്ങിനൽകിയ പുതിയ ജോടി ഷൂ ധരിച്ചാണ് നേഹ കളിച്ചത്. തുടർന്ന് രണ്ടു ഗോളുകൾ നേടി നേഹ മത്സരം സ്വന്തമാക്കുകയും ചെയ്തു.

വീട്ടിലെ ദുരവസ്ഥയിൽനിന്ന് രക്ഷപ്പെടാനാണ് കളിച്ചുതുടങ്ങിയതെങ്കിലും നേഹ കളിയെ ഗൗരവത്തിലെടുത്തു. ജൂനിയർ തലത്തിൽ മികവുകാട്ടിയതോടെ 18-ാം വയസ്സിൽ ഇന്ത്യൻ ടീമിൽ അരങ്ങേറി. ലോകകപ്പിൽ കളിച്ച താരം ഏഷ്യൻ ഗെയിംസിൽ വെള്ളിനേടിയ ടീമിലും അംഗമായി. കുട്ടിക്കാലത്ത് അമ്മയ്ക്കൊപ്പം സൈക്കിൾ ഫാക്ടറിയിൽ ജോലിക്കുപോയിട്ടുണ്ട് നേഹ. താരമായതോടെ റെയിൽവേയിലാണ് ഇപ്പോൾ ജോലി. ടോക്യോയിൽ ഹോക്കി സ്റ്റിക്കുമായി ഇറങ്ങുമ്പോൾ അത് പ്രചോദനാത്മകമായ കഥയുടെ പുതിയ അധ്യായംകൂടിയാണ്.