പിലാത്തറ: ജപ്പാനിലെ ടോക്യോയിൽ ഒളിമ്പിക്സിന് തിരിതെളിഞ്ഞപ്പോൾ മലയാളികൾക്ക് അഭിമാനമായി പിലാത്തറ നരീക്കാംവള്ളി സ്വദേശി നിഖിൽകുമാറും. യു.എസിനുവേണ്ടി ടേബിൾ ടെന്നീസിലാണ്‌ ഈ 18-കാരൻ മത്സരിക്കുന്നത്. ശനിയാഴ്ച രാവിലെ ഏഴിനാണ് നിഖിലിന്റെ മത്സരം. സിംഗിൾസിലും ഡബിൾസിലും മാറ്റുരയ്ക്കുന്ന നിഖിൽ ടീമിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗമാണ്.

എട്ടാംവയസ്സിൽ സമയം കളയാൻ വേനലവധിക്കാല ക്യാമ്പിൽ ടേബിൾ ടെന്നീസ് പഠിക്കാൻ പോയ പയ്യനാണ് പിന്നീട് അമേരിക്കൻ ദേശീയ ടീമിൽ അംഗമായത്. 2010-ൽ ഇന്ത്യൻ കമ്യൂണിറ്റി സെന്ററിലെ തീവ്രപരിശീലനത്തിനുശേഷം 2011-ൽ ആദ്യ ദേശീയപോരാട്ടത്തിൽ യു.എസ്. ഓപ്പണിൽ നിഖിൽ മികവ് കാണിച്ചു. തുടർന്ന് യു.എസ്. ഓപ്പണിലും യു.എസ്. നാഷണൽസിലും അണ്ടർ ഒൻപത് ദേശീയ ചാമ്പ്യനും അണ്ടർ 10 റണ്ണറപ്പുമായി. ആറുവർഷം മുമ്പ് ലോക കേഡറ്്റ്‌ ചാമ്പ്യൻഷിപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

12-ാം വയസ്സിൽ ഐ.ടി.ടി.എഫ്. നടത്തിയ നോർത്ത് അമേരിക്കൻ ടൂർണമെൻറിലെ മിന്നും പ്രകടനത്തോടെ ഒന്നാം റാങ്കുകാരനായി. തുടർന്ന് ചൈനയിലെ ഷാങ്ഹായിൽ നടന്ന പരിശീലന ക്യാമ്പിൽ പങ്കെടുത്തു. കാനഡ, സ്വീഡൻ, ചൈന എന്നിവിടങ്ങളിൽ നടന്ന വിവിധ മത്സരങ്ങളിലും വിജയിച്ചു.

കാലിഫോർണിയയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ ശശികുമാറിന്റെയും ബീന നമ്പ്യാരുടെയും മകനായ നിഖിൽ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയാണ്. വർഷങ്ങളായി അമേരിക്കയിലുള്ള ഇവർ എല്ലാവർഷവും നാട്ടിലെത്താറുണ്ട്. നരീക്കാംവള്ളിയിലെ സി.കെ.നായരുടെയും മുണ്ടയാട്ട് ഭാനുമതിയുടെയും പേരമകനാണ് നിഖിൽ.