: കാത്തുകാത്തിരുന്ന ആ നിമിഷം കൈയെത്തുംദൂരത്തെത്തിയതിന്റെ ത്രില്ലിലാണ് ഞങ്ങളെല്ലാം. ടോക്യോ ഒളിമ്പിക്സിനു തിരിതെളിയുന്ന നേരത്ത് ഗെയിംസ് വില്ലേജിൽ സമാന്തരമായൊരു ‘മാർച്ച് പാസ്റ്റ്’ നടത്തിയായിരുന്നു ഞങ്ങളുടെ ആഘോഷം. കോവിഡ് പ്രോട്ടോകോൾ ഉള്ളതിനാൽ ഇന്ത്യൻ താരങ്ങളിൽ 20 പേർ മാത്രമേ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തുള്ളൂ. ശനിയാഴ്ച ന്യൂസീലൻഡുമായി മത്സരമുള്ളതിനാൽ ഹോക്കി താരങ്ങൾ ഉദ്ഘാടനച്ചടങ്ങിനു പോയില്ല. ഞങ്ങളുടെ ക്യാപ്റ്റൻ മൻപ്രീത് ഇന്ത്യയുടെ പതാകയേന്താൻ പോയപ്പോൾ മനസ്സുകൊണ്ട്‌ ഞങ്ങളെല്ലാം അവിടെയുണ്ടായിരുന്നു.

ഉദ്ഘാടനച്ചടങ്ങിനു പോകാൻകഴിയാത്തതിനാൽ കോച്ച് ഗ്രഹാം റീഡാണ് സമാന്തരമായൊരു ‘മാർച്ച് പാസ്റ്റി’ന്റെ ഐഡിയ കൊണ്ടുവന്നത്. ഉദ്ഘാടനച്ചടങ്ങ്‌ നടക്കുന്ന സമയത്ത്‌ ഇന്ത്യയുടെ ഒഫീഷ്യൽ വസ്ത്രങ്ങളണിഞ്ഞ്‌ ഗെയിംസ് വില്ലേജിലെ ഒളിമ്പിക്സ് വളയത്തിനുമുന്നിൽ ഒത്തുകൂടാനായിരുന്നു അദ്ദേഹത്തിന്റെ നിർദേശം. ടീമംഗങ്ങളെല്ലാം നിറഞ്ഞ കൈയടിയോടെ ആ ഐഡിയയെ സ്വാഗതംചെയ്തു. പറഞ്ഞ സമയത്തുതന്നെ ഞങ്ങളെല്ലാം അവിടെ ഒത്തുകൂടുകയും ഒടുവിൽ ഗ്രൂപ്പ് ഫോട്ടോയെടുത്ത്‌ പിരിയുകയുമായിരുന്നു.

വെള്ളിയാഴ്ച രാവിലെ ഞങ്ങൾ കുറച്ചുനേരം ഗ്രൗണ്ടിൽ പരിശീലനം നടത്തി. ശനിയാഴ്ച ന്യൂസീലൻഡുമായുള്ള കളി നടക്കുന്ന ഗ്രൗണ്ടിന്റെ രണ്ടാമത്തെ പിച്ചിലായിരുന്നു പരിശീലനം. പരീക്ഷയുടെ തലേന്ന് പാഠഭാഗങ്ങൾ ഓടിച്ചിട്ടു നോക്കുന്നതുപോലെ ലഘുവായ പരിശീലനങ്ങളായിരുന്നു കോച്ച് തന്നത്. വെള്ളിയാഴ്ച കടുത്ത പരിശീലനം വേണ്ടെന്ന്‌ കോച്ച് നേരത്തേതന്നെ പറഞ്ഞിരുന്നതാണ്. പരിശീലനം കഴിഞ്ഞു വന്നശേഷം ഗെയിംസ് വില്ലേജിൽ ഒരു ടീം മീറ്റിങ്ങുമുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രി ഭക്ഷണം കഴിച്ച് നേരത്തേ കിടന്നുറങ്ങാനാണ് കോച്ചിന്റെ നിർദേശം. ശനിയാഴ്ച രാവിലെ ഏഴുമണിക്ക്‌ പ്രഭാതഭക്ഷണം കഴിച്ച് ഗ്രൗണ്ടിലേക്കുപോകണം. പത്തുമണിക്കാണ് ന്യൂസീലൻഡുമായുള്ള നമ്മുടെ മത്സരം.

ന്യൂസീലൻഡിനെതിരായ മത്സരത്തിന്‌ വ്യക്തമായ ഗെയിം പ്ലാനാണ് കോച്ച് വിശദീകരിച്ചുതന്നത്. പന്ത്‌ റൊട്ടേറ്റുചെയ്തു കളിച്ച് ബോൾ പൊസഷൻ കൂട്ടാനാണ് ന്യൂസീലൻഡിനെതിരേ ശ്രമിക്കേണ്ടത്. അവരുടെ ഫിറ്റ്‌നസ് തകർക്കുന്നവിധം പന്ത്‌ റൊട്ടേറ്റ് ചെയ്തു കളിച്ച് പിന്നീട്‌ ആക്രമണത്തിലേക്കു തിരിയാനാണ് കോച്ച് പറഞ്ഞിരിക്കുന്നത്.