ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ.) ക്രിക്കറ്റിൽ പ്രതിഫലമായി 100 കോടി നേടുന്ന ആദ്യ വിദേശതാരമായി ദക്ഷിണാഫ്രിക്കയുടെ എ.ബി. ഡിവില്ലിയേഴ്‌സ്. 2021 സീസണിൽ 11 കോടി രൂപ മുടക്കി ഡിവില്ലിയേഴ്‌സിനെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ നിലനിർത്തിയതോടെയാണ് വിവിധ സീസണുകളിലായി അദ്ദേഹത്തിന്റെ പ്രതിഫലം 100 കോടി കടന്നത്.
ഇക്കുറി 11 കോടി ലഭിച്ചാൽ ഐ.പി.എലിൽനിന്ന് എ.ബി.ഡി.യുടെ സമ്പാദ്യം 102.5 കോടിയാകും. ഇന്ത്യൻ താരങ്ങളായ വിരാട് കോലി, രോഹിത് ശർമ, എം.എസ്. ധോനി, സുരേഷ് റെയ്‌ന എന്നിവർ നേരത്തേതന്നെ 100 കോടി തികച്ചിരുന്നു.
ദക്ഷിണാഫ്രിക്കയുടെ മുൻ ക്യാപ്റ്റനായ ഡിവില്ലിയേഴ്‌സ് രണ്ടുവർഷംമുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചെങ്കിലും ലീഗ് മത്സരങ്ങളിൽ സജീവമാണ്.