ന്യൂഡൽഹി: ഓസ്‌ട്രേലിയയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ഇന്ത്യൻ വിജയത്തിൽ പ്രധാന പങ്കുവഹിച്ച ആറ് പുതുമുഖ താരങ്ങൾക്ക് എസ്.യു.വി. (സ്പോർട്‌സ് യൂട്ടിലിറ്റി വെഹിക്കിൾ) സമ്മാനം പ്രഖ്യാപിച്ച് ആനന്ദ് മഹീന്ദ്ര. മുഹമ്മദ് സിറാജ്, ടി. നടരാജൻ, ശുഭ്മാൻ ഗിൽ, വാഷിങ്ടൺ സുന്ദർ, ശാർദൂൽ ഠാക്കൂർ, നവ്ദീപ് സെയ്‌നി എന്നിവർക്ക് മഹീന്ദ്രയുടെ താർ എസ്.യു.വി. നൽകുമെന്ന് ആനന്ദ് മഹീന്ദ്ര അറിയിച്ചു. ‘ഓസ്‌ട്രേിയയ്ക്കെതിരായ പരമ്പരയിലൂടെ ഇന്ത്യയ്ക്കുവേണ്ടി അരങ്ങേറ്റം കുറിച്ച ആറുപേർ (ശാർദൂൽ നേരത്തേ ഒരു മത്സരം കളിച്ചിട്ടുണ്ടെങ്കിലും അതിനിടെ പരിക്കുവന്നു) ഇന്ത്യയുടെ യുവതലമുറയ്ക്ക് വഴികാട്ടിയും പ്രചോദനവുമായി’ -മഹീന്ദ്ര ട്വീറ്റ് ചെയ്തു.
സിറാജ് ബി.എം.ഡബ്ല്യു. സ്വന്തമാക്കി
ഹൈദരാബാദ്: ഓസ്‌ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലൂടെ ശ്രദ്ധേയനായ ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് സിറാജ് ബി.എം.ഡബ്ല്യു. കാർ സ്വന്തമാക്കി. പുതിയ കാറിന്റെ ചിത്രങ്ങളും വീഡിയോയും ശനിയാഴ്ച സിറാജ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.
ഈ പരമ്പരയിൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച സിറാജ്, 13 വിക്കറ്റുമായി ഇന്ത്യൻ ബൗളർമാരിൽ മുന്നിലെത്തി.