മഡ്ഗാവ്: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ ജയത്തോടെ പ്ലേ ഓഫ് സാധ്യത നിലനിർത്തി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ചൊവ്വാഴ്ച കൊൽക്കത്ത വമ്പൻമാരായ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചു (2-1). മലയാളി താരം വി.പി. സുഹൈറിന്റെ (48) ഗോളിനൊപ്പം സാർഥക് ഗോലുയിയുടെ (55) സെൽഫ് ഗോളും നോർത്ത് ഈസ്റ്റിന് ലഭിച്ചു. 86-ാം മിനിറ്റിൽ ഗോലുയ് ഈസ്റ്റ് ബംഗാളിനായി സ്കോർ ചെയ്തു.

71-ാം മിനിറ്റിൽ ഈസ്റ്റ് ബംഗാൾ പ്രതിരോധനിരതാരം രാജു ഗെയ്ക് വാദ് ചുവപ്പുകാർഡ് കണ്ട് പുറത്തുപോയി. നിർണായക ജയത്തോടെ, 19 കളിയിൽ 30 പോയന്റായ നോർത്ത് ഈസ്റ്റ് പോയന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്കുയർന്നു. ഇതേ പോയന്റുള്ള ഗോവ ഗോൾ നിലയിൽ മൂന്നാം സ്ഥാനത്താണ്. അവസാന റൗണ്ടിൽ നോർത്ത് ഈസ്റ്റ് കേരള ബ്ലാസ്റ്റേഴ്‌സിനെ നേരിടും. 17 പോയന്റുള്ള ഈസ്റ്റ് ബംഗാൾ ഒമ്പതാം സ്ഥാനത്ത് തുടരുന്നു.