കൊൽക്കത്ത: നിർണായക മത്സരത്തിൽ ജയവുമായി ഗോകുലം കേരള എഫ്.സി. ഐ ലീഗ് ഫുട്‌ബോളിന്റെ സൂപ്പർ സിക്സ് ഗ്രൂപ്പിൽ കടന്നു. സുദേവ എഫ്.സി. ഡൽഹിയെ തോൽപ്പിച്ചു (1-0). 68-ാം മിനിറ്റിൽ വിദേശതാരം ഫിലിപ്പ് അഡ്‌ജെ വിജയഗോൾ നേടി.

ഒമ്പത് കളിയിൽ 16 പോയന്റുമായി ഗോകുലം പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കുയർന്നു. 11 ടീമുകൾ മത്സരിക്കുന്ന ലീഗിൽ പത്ത് റൗണ്ട് പോരാട്ടം കഴിയുമ്പോൾ ആദ്യ ആറ് സ്ഥാനങ്ങളിലുള്ള ടീമുകൾ രണ്ടാംഘട്ടത്തിൽ കിരീടത്തിനായി മത്സരിക്കാൻ യോഗ്യത നേടും. സൂപ്പർ സിക്സ് ഗ്രൂപ്പിൽ എല്ലാ ടീമുകളും പരസ്പരം മത്സരിക്കും. ആദ്യഘട്ടത്തിലും രണ്ടാം ഘട്ടത്തിലുമായി കൂടുതൽ പോയന്റ് നേടുന്ന ടീമിനായിരിക്കും കിരീടം. ചർച്ചിൽ ബ്രദേഴ്‌സുമായുള്ള കളി ബാക്കിനിൽക്കേ തന്നെ ഗോകുലം കിരീടപോരാട്ടത്തിനുള്ള ഗ്രൂപ്പിൽ സ്ഥാനം ഉറപ്പിച്ചു. 17 പോയന്റുമായി ഒന്നാമതുള്ള റിയൽ കശ്മീരും എട്ട് കളിയിൽ 16 പോയന്റുള്ള ചർച്ചിൽ ബ്രദേഴ്‌സും സൂപ്പർ സിക്സിലെത്തിയിട്ടുണ്ട്.

ഡെന്നീസ് ആന്റ്‌വി പോസ്റ്റിന് സമാന്തരമായി നൽകിയ പന്തിനെയാണ് അഡ്‌ജെ മികച്ച ഫിനിഷിങ്ങിലൂടെ വലയിലെത്തിച്ചത്. തുടർന്നും ഗോകുലത്തിന് മികച്ച അവസരങ്ങൾ ലഭിച്ചു.