അഹമ്മദാബാദ്: മൊട്ടേരയിലെ സർദാർ പട്ടേൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ മണ്ണിനും പുല്ലിനും ഇരിപ്പിടങ്ങൾക്കുമെല്ലാം പുതുമണമുണ്ട്. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ആയ ശേഷം മൊട്ടേര സ്റ്റേഡിയത്തിലെ ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിൽ ബുധനാഴ്ച ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുന്നു. പിങ്ക് ബോൾ (ഡേ-നൈറ്റ്) ടെസ്റ്റ് ഉച്ചയ്ക്ക് 2.30-ന് തുടങ്ങും.

ആദ്യ രണ്ട് ടെസ്റ്റുകളിൽ ഓരോന്ന് ജയിച്ചുകഴിഞ്ഞ ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഫൈനൽ സാധ്യത നിലനിർത്താൻ ഈ ടെസ്റ്റിൽ ജയം അനിവാര്യം. ശേഷിക്കുന്ന രണ്ട് ടെസ്റ്റിൽ ഒരു ജയവും ഒരു സമനിലയുമുണ്ടെങ്കിൽ ഇന്ത്യയ്ക്ക് ഫൈനലിലെത്താം.

ഇന്ത്യയുടെ മൂന്നാം പിങ്ക് ടെസ്റ്റാണിത്. കൊൽക്കത്തയിൽ നടന്ന ആദ്യമത്സരത്തിൽ ബംഗ്ലാദേശിനെതിരേ വൻ ജയം നേടി. പക്ഷേ, ഡിസംബറിൽ ഓസ്‌ട്രേലിയക്കെതിരേ അഡ്‌ലെയ്ഡിൽ നടന്ന രണ്ടാം ഇന്നിങ്‌സിൽ 36 റൺസിന് പുറത്തായി നാണംകെട്ട് മത്സരം തോറ്റു.

ഡേ നൈറ്റ് മത്സരത്തിൽ വൈകീട്ട് ഫ്ളഡ് ലൈറ്റ് വരുന്നതോടെ പേസ് ബൗളിങ്ങിനെ നേരിടാൻ ബാറ്റ്‌സ്മാൻമാർ ബുദ്ധിമുട്ടും. മൊട്ടേരയിലെ പിച്ചിൽ നേരിയ പുല്ലുണ്ടെങ്കിലും മത്സരം തുടങ്ങുമ്പോൾ ഇത് കാണാനുണ്ടാകില്ലെന്ന് ഉറപ്പാണെന്ന് ഇംഗ്ലണ്ട് പേസ് ബൗളർ ജെയിംസ് ആൻഡേഴ്‌സൻ പറഞ്ഞു. കളി പുരോഗമിക്കുമ്പോൾ പിച്ചിൽ സ്പിന്നർമാർക്ക് തുണകിട്ടും എന്നാണ് സൂചന.

രണ്ടാം ടെസ്റ്റ് കളിച്ച ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പിൽ മാറ്റത്തിന് സാധ്യതയില്ല. പിച്ചിന്റെ സ്വഭാവം വ്യക്തമായി മനസ്സിലായശേഷമേ ബൗളിങ്ങിലെ മാറ്റങ്ങൾ വ്യക്തമാകൂ. പേസർമാരായി ജസ്പ്രീത് ബുംറ, ഇഷാന്ത് ശർമ, സ്പിന്നർമാരായ ആർ. അശ്വിൻ, അക്ഷർ പട്ടേൽ എന്നിവർ ഇലവനിലുണ്ടാകും. അഞ്ചാമതായി സ്പിന്നറോ പേസ് ബൗളറോ എന്ന ചോദ്യമുണ്ട്. കുൽദീപ് യാദവ്, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് എന്നിവർ ഈ സ്ഥാനത്തിനായി മത്സരിക്കുന്നു. ഒാൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ പേരും ഉണ്ട്.

ഇംഗ്ലണ്ട് നിരയിൽ പേസ് ബൗളർമാരായ ജെയിംസ് ആൻഡേഴ്‌സൻ, ജോഫ്ര ആർച്ചർ, സ്പിന്നർ ഡോം ബെസ്സ് എന്നിവർ തിരിച്ചെത്തും. സ്റ്റുവർട്ട് ബ്രോഡ്, മോയിൻ അലി എന്നിവർക്കൊപ്പം ഒലി സ്റ്റോണിനും സ്ഥാനം നഷ്ടപ്പെട്ടേക്കും. ബാറ്റ്‌സ്മാൻമാരായ ജോണി ബെയർസ്റ്റോ, സാക് ക്രോളി എന്നിവരും ഇലവനിൽ എത്തിയേക്കും.