റോം: പരിക്കിനോടും എതിരാളിയോടും പൊരുതാൻ റയൽ മഡ്രിഡ് ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ ബുധനാഴ്ച ഇറങ്ങുന്നു. ഇറ്റാലിയൻ ക്ലബ്ബ് അറ്റ്‌ലാന്റയാണ് സ്പാനിഷ് വമ്പൻമാരുടെ എതിരാളി. മത്സരം രാത്രി 1.30 മുതൽ.

മറ്റൊരു കളിയിൽ മാഞ്ചെസ്റ്റർ സിറ്റി ജർമൻ ക്ലബ്ബ് ബൊറൂസ്സിയ മൊൺചെൻ ഗ്ലാഡ്ബാക്കിനെ നേരിടും.

എതിരാളിയെക്കാൾ റയൽ പരിശീലകൻ സിനദിൻ സിദാനെ അലട്ടുന്നത് താരങ്ങളുടെ പരിക്കാണ്. ഇഡൻ ഹസാർഡ്, മാഴ്‌സലോ, സെർജിയോ റാമോസ്, ഫെഡറിക്കോ വാൽവെർദെ, റോഡ്രിഗോ, ഡാനിയേൽ കർവ്ജാൽ, കരീം ബെൻസമ, എഡർ മിലിറ്റാവോ, അൽവാരോ ഒഡ്രിസോള എന്നീ ഒമ്പത് പ്രധാനതാരങ്ങൾ പരിക്കിലാണ്. എന്നാൽ സ്പാനിഷ് ലാലിഗ ഫുട്‌ബോളിൽ സ്ഥിരതയോടെ കളിക്കാൻ കഴിയുന്നതിന്റെ ആത്മവിശ്വാസത്തിലാണ് റയൽ.

മറുവശത്ത് അറ്റ്‌ലാന്റ മികച്ച ഫോമിലാണ്. ഇറ്റാലിയൻ സീരി എ യിൽ കരുത്തരായ നാപ്പോളിയെ തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് ടീമിന്റെ വരവ്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകർപ്പൻ ഫോമിലാണ് മാഞ്ചെസ്റ്റർ സിറ്റി. എല്ലാ ചാമ്പ്യൻഷിപ്പുകളിലായി അവസാനം കളിച്ച 18 മത്സരങ്ങളിൽ ടീം ജയിച്ചിട്ടുണ്ട്. ലീഗിന്റെ പ്രാഥമികഘട്ടത്തിൽ നന്നായി കളിക്കാൻ സാധിച്ച ഗ്ലാഡ്ബാക്ക് അട്ടിമറിയാണ് സ്വപ്നം കാണുന്നത്.