മഡ്രിഡ്: ലൂയി സുവാരസിന്റെ ഇരട്ടഗോളിൽ അത്‌ലറ്റിക്കോ മഡ്രിഡിന് സ്പാനിഷ് ലാലിഗ ഫുട്‌ബോളിൽ ജയം. ഗറ്റാഫെയെ തോൽപ്പിച്ചു (2-1). 78-ാം മിനിറ്റിൽ ടീമിന് സമനിലഗോൾ സമ്മാനിച്ച സുവാരസ് ഇഞ്ചുറി ടൈം ഗോളിലാണ് ജയത്തിലേക്ക് നയിച്ചത്. നേരത്തേ 45-ാം മിനിറ്റിൽ അത്‌ലറ്റിക്കോ ഗോളി യാൻ ഓബ്ലക്കിന്റെ സെൽഫ് ഗോളിലാണ് ഗറ്റാഫെ മുന്നിൽക്കയറിയത്.

കളിയുടെ 74-ാം മിനിറ്റിൽ ചാൾസ് അലേന ചുവപ്പുകാർഡ് കണ്ടതോടെ ഗറ്റാഫെ പത്തുപേരായി ചുരുങ്ങിയിരുന്നു. ജയത്തോടെ ആറു കളിയിൽനിന്നായി 14 പോയന്റായ അത്‌ലറ്റിക്കോ ഒന്നാംസ്ഥാനത്തേക്ക് കയറി.