അബുദാബി: ഏകദിന ക്രിക്കറ്റിൽ അഞ്ചുതവണ ലോകകപ്പ് നേടിയ ഓസ്‌ട്രേലിയ ട്വന്റി 20-യിൽ ഇതുവരെ ജേതാക്കളായിട്ടില്ല. ദക്ഷിണാഫ്രിക്കയാകട്ടെ, ലോകകിരീടങ്ങളൊന്നും നേടിയിട്ടില്ല. ഏഴാമത് ട്വന്റി 20 ലോകകപ്പിലെ ഉദ്ഘാടനമത്സരം കിരീടം നേടിയിട്ടില്ലാത്തവരുടെ പോരാട്ടമാണ്. മത്സരം വൈകീട്ട് 3.30 മുതൽ അബുദാബിയില്‍.

സമീപകാലത്ത് അത്ര മികച്ച ഫോമിലല്ല ഓസ്‌ട്രേലിയ. ബംഗ്ലാദേശ്, വെസ്റ്റിൻഡീസ്, ന്യൂസീലൻഡ്, ഇംഗ്ലണ്ട് ടീമുകളോട് പരമ്പര തോറ്റു. സന്നാഹമത്സരത്തിൽ ബുധനാഴ്ച ഇന്ത്യയോട് വൻ തോൽവിവഴങ്ങി. കഴിഞ്ഞ 13 മത്സരങ്ങളിൽ അഞ്ചു വിജയം മാത്രമേയുള്ളൂ.

ക്യാപ്റ്റൻ ആരോൺ ഫിഞ്ച്, ഡേവിഡ് വാർണർ, സ്റ്റീവൻ സ്മിത്ത്, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക് തുടങ്ങിയവരെ ആശ്രയിച്ചാണ് ഇപ്പോഴും ടീമിന്റെ നിലനിൽപ്പ്. കരുത്തുറ്റ പുതുനിര ഇല്ല. ഓപ്പണർ ഡേവിഡ് വാർണർ ഏറെക്കാലമായി ഫോമിലല്ല. ഐ.പി.എലിനിടെ ഒഴിവാക്കപ്പെട്ട വാർണർ പിന്നീട് രണ്ട് സന്നാഹ മത്സരങ്ങളിൽ നേടിയത് 0, 1 എന്നിങ്ങനെ റൺസ്. ആരോൺ ഫിഞ്ചിന് പരിക്കുമൂലം വിട്ടുനിന്നശേഷം തിരിച്ചുവരവാണിത്. പ്രധാന പേസർ പാറ്റ് കമ്മിൻസ് ഏപ്രിലിൽ ഐ.പി.എലിനുശേഷം ഔദ്യോഗിക മത്സരം കളിച്ചിട്ടില്ല.

അതേസമയം, വെസ്റ്റിൻഡീസ്, അയർലൻഡ്, ശ്രീലങ്ക എന്നീ ടീമുകൾക്കെതിരേ തുടർച്ചയായി മൂന്ന് പരമ്പരകൾ ജയിച്ചുവരുന്ന ദക്ഷിണാഫ്രിക്ക ആവേശത്തിലാണ്.

ഇവിടെ ഈയിടെ സമാപിച്ച ഐ.പി.എലിൽ കളിച്ച പരിചയമുള്ള ക്വിന്റൺ ഡി കോക്ക്, ആൻറിച്ച് നോർദ്യെ, കാഗിസോ റബാഡ തുടങ്ങിയവർ ടീമിലുണ്ട്. ബൗളർമാരുടെ റാങ്കിങ്ങിൽ ഒന്നാംസ്ഥാനത്തുള്ള സ്പിന്നർ ടബ്രിസ് ഷാംസിയും കൂടെയുണ്ട്.

ഐ.സി.സി. ചാമ്പ്യൻഷിപ്പുകളിൽ നിർണായകഘട്ടത്തിൽ സമ്മർദത്തിന് അടിപ്പെടുന്നത് ദക്ഷിണാഫ്രിക്കയുടെ ശീലമാണ്. അതിനെ മറികറക്കാൻ കഴിയുന്ന മികച്ച സംഘമാണിത്.

സാധ്യതാ ടീം: ഓസ്‌ട്രേലിയ: ആരോൺ ഫിഞ്ച് (ക്യാപ്റ്റൻ), ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, ഗ്ലെൻ മാക്‌സ്‌വെൽ, സ്റ്റീവ് സ്മിത്ത്, മാർക്കസ് സ്റ്റോയ്‌നിസ്, മാത്യു വെയ്ഡ്, ആഷ്ടൺ ആഗർ, മിച്ചൽ സ്റ്റാർക്, ആദം സാംപ, ജോഷ് ഹേസൽവുഡ്.

ദക്ഷിണാഫ്രിക്ക: തെംബ ബാവുമ (ക്യാപ്റ്റൻ), ക്വിന്റൺ ഡി കോക്ക്, എയ്ഡൻ മാർക്രം, റാസി വാൻഡെർ ഡ്യൂസൻ, ഡേവിഡ് മില്ലർ, ഹെൻറിച്ച് ക്ലാസൻ, വിയാൻ മുൾഡർ, കാഗിസോ റബാഡ, കേശവ് മഹാരാജ്, ആന്റിച്ച് നോര്‍ദ്യെ/ലുങ്കി എൻഗീഡി, ടബ്രിയാസ് ഷാംസി.