ബെർലിൻ: നാലുഗോളുമായി എർലിങ് ഹാളണ്ട് തിളങ്ങിയ മത്സരത്തിൽ ബൊറൂസ്സിയ ഡോർട്ട്മുൺഡ് 5-2 ന് ഹെർത്ത ബെർലിനെ തോൽപ്പിച്ചു .

47, 49, 62, 79 മിനിറ്റുകളിലാണ് ഹാളണ്ട് ഗോളടിച്ചത്. യൂറോപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോയ് പുരസ്കാരം നേടിയതിനു പിന്നാലെയാണ് ഹാളണ്ടിന്റെ ഗോളടി. റാഫേൽ ഗുയ്‌റെറോയും(70) ലക്ഷ്യം കണ്ടു. മാത്യൂസ് കുൻഹ ഹെർത്തയ്ക്കായി ഇരട്ടഗോൾ (33,പെനാൽട്ടി 79) നേടി.

നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനെ വെർഡർ ബ്രെമൻ തളച്ചു (1-1). കിങ്‌സ്‌ലി കോമാൻ(62) ബയേണിനായും മാക്സിമിലിയൻ എഗെസ്‌ടെയ്ൻ(45) വെർഡറിനായും ഗോൾ നേടി. റെഡ്ബുൾ ലെയ്പ്‌സിഗും എൻട്രാക്ട് ഫ്രാങ്ക്ഫർട്ടും സമനിലയിൽ പിരിഞ്ഞു (1-1). യൂസഫ് പോൾസൻ(57) ലെയ്പ്‌സിഗിനായും എയ്‌മെൻ ബാർകോക്(43) എൻട്രാക്ടിനായും ലക്ഷ്യംകണ്ടു.

എട്ട് കളിയിൽ 19 പോയന്റുമായി ബയേൺ ഒന്നാംസ്ഥാനത്ത് തുടരുന്നു. 18 പോയന്റുള്ള ഡോർട്ട്മുൺഡ് രണ്ടാം സ്ഥാനത്തുണ്ട്.