മുംബൈ: മൂന്നുവിക്കറ്റിന് 18, നാലിന് 43 എന്നീനിലകളിൽ തകർന്നുനിന്ന രാജസ്ഥാൻ റോയൽസ് പിന്നീട് കളിച്ചത് രാജകീയ കളി. ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ വ്യാഴാഴ്ച ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെതിരേ ആദ്യം ബാറ്റുചെയ്ത രാജസ്ഥാൻ 20 ഓവറിൽ നേടിയത് ഒമ്പത് വിക്കറ്റിന് 177 റൺസ്.

ശിവം ദുബെ (32 പന്തിൽ 46), രാഹുൽ തെവാട്ടിയ (23 പന്തിൽ 40), റിയാൻ പരാഗ് (16 പന്തിൽ 25), സഞ്ജു സാംസൺ (18 പന്തിൽ 21) എന്നിവരുടെ ഇന്നിങ്‌സുകളാണ് രാജസ്ഥാന് മികച്ച സ്‌കോർ സമ്മാനിച്ചത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യാൻ നിയോഗിക്കപ്പെട്ട രാജസ്ഥാനെ ബാംഗ്ലൂർ ബൗളർമാർ ഞെട്ടിച്ചുകളഞ്ഞു. 18 റൺസെടുക്കുന്നതിനിടയിൽ ജോസ് ബട്‌ലർ (8), മനൻ വോറ (7), ഡേവിഡ് മില്ലർ (0) എന്നിവർ വന്നവഴി മടങ്ങി. ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുത്ത ക്യാപ്റ്റൻ സഞ്ജു സാംസൺ പ്രതീക്ഷാനിർഭരമായി തുടങ്ങി. ഒരു സിക്‌സും രണ്ട് ഫോറുമടിച്ച് ഫോമിൽ നിൽക്കെ സഞ്ജുവും മടങ്ങിയതോടെ നാലിന് 43 എന്നനിലയിലേക്ക് രാജസ്ഥാൻ പതിച്ചു. പിന്നീട് ഒത്തുചേർന്ന ശിവം ദുബെയും റിയാൻ പരാഗുമാണ് ശ്രമകരമായ രക്ഷാപ്രവർത്തനത്തിന് ചുക്കാൻപിടിച്ചത്. ഈ കൂട്ടുകെട്ട് ക്ഷണത്തിൽ 66 റൺസടിച്ചതോടെ രാജസ്ഥാൻ നടുവുയർത്തി. പരാഗ് പുറത്തായപ്പോൾ എത്തിയ രാഹുൽ തെവാട്ടിയ മിന്നൽഫോമിലായിരുന്നു. ഹർഷൽ പട്ടേലിലെ തുടരെ സിക്‌സും ഫോറും അടിച്ചുതുടങ്ങിയ തെവാട്ടിയയിലൂടെ രാജസ്ഥാൻ സ്‌കോർ കുതിച്ചു. 16-ാം ഓവറിൽ ദുബെ പുറത്തായിട്ടും തെവാട്ടിയ അടി തുടർന്നു. 19-ാം ഓവറിലെ അവസാന പന്തിലാണ് തെവാട്ടിയ പുറത്തായത്. ഹർഷൽ പട്ടേൽ എറിഞ്ഞ അവസാന ഓവറിലെ ആദ്യ രണ്ട് പന്തുകളിലും രാജസ്ഥാന് വിക്കറ്റുകൾ നഷ്ടമായി. തുടരെ വീണത് മൂന്ന് വിക്കറ്റ്. എങ്കിലും, ഒരു വിക്കറ്റ് മാത്രം ശേഷിക്കെ പട്ടേലിനെ ഒരു സിക്‌സിന് പറത്തി ശ്രേയസ് ഗോപാൽ അവസാന ഓവറിന്റെ മാനംകാത്തു.

ദുബെയും തെവാട്ടിയയും രണ്ടുവീതം സിക്‌സുകളടിച്ചു. ദുബെ അഞ്ചും തെവാട്ടിയ നാലും ഫോറുകൾ നേടി. നാല് ബൗണ്ടറികളാൽ അലങ്കരിച്ചതായിരുന്നു പരാഗിന്റെ ഇന്നിങ്‌സ്.

നാല് ഓവറിൽ 27 റൺസിന് മൂന്ന് വിക്കറ്റെടുത്ത മുഹ്മമ്മദ് സിറാജാണ് ബാംഗ്ലൂർ ബൗളിങ്ങിൽ മികച്ചുനിന്നത്. ഹർഷൽ പട്ടേലും മൂന്ന് വിക്കറ്റെടുത്തെങ്കിലും 47 റൺസ് വഴങ്ങി.

സ്‌കോർകാർഡ്

ടോസ്: ബാംഗ്‌ളൂർ

രാജസ്ഥാൻ 20 ഓവറിൽ 9-ന് 177

ശിവം ദുബെ 46 (32)

രാഹുൽ തെവാട്ടിയ 40 (23)

റയാൻ പരാഗ് 25 (16)

ബൗളിങ്: മുഹമ്മദ് സിറാജ് 4-0-27-3

ഹർഷൽ പട്ടേൽ 4-0-47-3

കെയ്ൽ ജാമിസൺ 4-0-28-1