ലണ്ടൻ: എഡ്‌ വുഡ്‌വാർഡ് മാഞ്ചെസ്റ്റർ യുണൈറ്റഡ് ക്ലബ്ബിന്റെ ചീഫ് എക്സിക്യ‌ുട്ടീവ് വൈസ് ചെയർമാൻ സ്ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ചതോടെ പിൻഗാമിയാരെന്ന ചർച്ച സജീവമായി. സൂപ്പർ ലീഗ് വിവാദമാണ് വുഡ് വാർഡിന്റെ സ്ഥാനമിളക്കിയത്. മൂന്നുപേരാണ് ഈ സ്ഥാനത്തേക്ക് പറഞ്ഞുകേൾക്കുന്നത്.

യുണൈറ്റഡിന്റെ മുൻതാരവും ഡച്ച് ക്ലബ്ബ് അയാക്സിന്റെ ചീഫ് എക്സിക്യൂട്ടീവുമായ എഡ്വിൻ വാൻഡർ സാറിന്റെ പേരാണ് ആരാധകർ മുന്നോട്ടുവെക്കുന്നത്. എന്നാൽ വുഡ്‌വാർഡിനെപ്പോലെ വാണിജ്യകാര്യങ്ങളിൽ അത്ര പരിചയമില്ലാത്ത വാൻഡർസാറിനെ ക്ലബ്ബ് ഉടമകളായ ഗ്ലേസർ കുടുംബം നിയമിക്കുമോയെന്ന് ഉറപ്പില്ല.

ക്ലബ്ബ് ഡയറക്ടറായ റിച്ചാർഡ് അർനോൾഡിന്റെ പേരിന് മുൻതൂക്കമുണ്ട്. ക്ലബ്ബിനുള്ളിൽ നിന്നാണെന്ന പരിഗണനയ്ക്ക് പുറമെ കൊമേഴ്‌സ്യൽ ഡയറക്ടറെന്ന നിലയിൽ അർനോൾഡിന്റെ പ്രവർത്തനം വലിയ വിജയമായിരുന്നു. ക്ലബ്ബിന് വമ്പൻ സ്പോൺസർഷിപ്പുകൾ നേടിക്കൊടുക്കുന്നതിൽ അർനോൾഡിന് വലിയ പങ്കുണ്ട്. 2007 മുതൽ ക്ലബ്ബിനൊപ്പമുള്ളതും ഗുണകരമാകും. വാൻഡർസാറിനും അർനോൾഡിനൊപ്പം ചീഫ് ഫിനാൻഷ്യൽ ഓഫീസർ ക്ലിഫ് ബാറ്റിയുടെ പേരും പറഞ്ഞുകേൾക്കുന്നുണ്ട്.