ലണ്ടൻ: യൂറോപ്യൻ സൂപ്പർ ലീഗിൽനിന്ന് ഒമ്പതു ടീമുകൾ പിന്മാറിയെങ്കിലും ആശയക്കുഴപ്പം അവസാനിക്കുന്നില്ല. റയൽ മഡ്രിഡ്, ബാഴ്‌സലോണ, യുവന്റസ് ടീമുകൾ ലീഗിൽ ഉറച്ചുനിൽക്കുകയാണ്. ലീഗിൽനിന്ന് ക്ലബ്ബുകൾക്ക് പിന്മാറാൻ കഴിയില്ലെന്ന ചെയർമാൻ ഫ്‌ളോറന്റിനോ പെരസിന്റെ വിശദീകരണം കാര്യങ്ങൾ സങ്കീർണമാക്കി.

ആരാധകരോഷത്തെത്തുടർന്ന് ഇംഗ്ലീഷ് ക്ലബ്ബുകളായ മാഞ്ചെസ്റ്റർ യുണൈറ്റഡ്, മാഞ്ചെസ്റ്റർ സിറ്റി, ആഴ്‌സനൽ, ചെൽസി, ലിവർപൂൾ, ടോട്ടനം, ഇറ്റാലിയൻ ക്ലബ്ബുകളായ ഇന്റർമിലാൻ, എ.സി. മിലാൻ, സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റിക്കോ മഡ്രിഡ് എന്നിവയാണ് പിന്മാറിയത്. യൂറോപ്പിലെ 12 ക്ലബ്ബുകൾ ചേർന്നാണ് ലീഗിന് രൂപംനൽകിയത്.

സ്പാനിഷ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ലീഗ് ചെയർമാനും റയൽ ക്ലബ്ബ് പ്രസിഡന്റുമായ പെരസ് ക്ലബ്ബുകളുടെ പിന്മാറ്റത്തിനുശേഷമുള്ള കാര്യങ്ങൾ വിശദീകരിച്ചത്. ക്ലബ്ബുകളും ലീഗും തമ്മിലുള്ള കരാർപ്രകാരം പിന്മാറാൻ കഴിയില്ലെന്നാണ് പെരസിന്റെ വാദം. പിന്മാറുന്ന ക്ലബ്ബുകൾക്ക് വലിയ തുക പിഴയായി നൽകേണ്ടിവരും. സ്ഥാപക ക്ലബ്ബുകൾക്ക് 84 കോടി രൂപയുടെ ഓഹരിയാണ് ലീഗിലുള്ളത്. മൂന്നുവർഷംകൊണ്ടാണ് ലീഗിനുള്ള പദ്ധതി തയ്യാറാക്കിയതെന്നും 12 ക്ലബ്ബുകളുടെ നഷ്ടം 56,000 കോടിക്ക് മീതെയാണെന്നും പെരസ് വ്യക്തമാക്കി.

അതേസമയം സൂപ്പർ ലീഗിലേക്കുപോയ ഇംഗ്ലീഷ് ക്ലബ്ബുകൾക്കെതിരേ നടപടിവേണമെന്ന വാദം ശക്തമായിട്ടുണ്ട്. യുവേഫ പ്രസിഡന്റ് അലക്‌സാണ്ടർ സെഫറിൻ സൂപ്പർ ലീഗിനെതിരേ കഴിഞ്ഞദിവസവും ശക്തമായി രംഗത്തുവന്നിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പരിഷ്‌കാരം വേണമെന്ന ആവശ്യവുമായി ക്ലബ്ബുകൾ രംഗത്തിറങ്ങി. സ്‌കോട്ടിഷ് ടീമുകളായ റേഞ്ചേഴ്‌സിനെയും കെൽറ്റിക്കിനെയും ഉൾപ്പെടുത്തി ബ്രിട്ടീഷ് സൂപ്പർ ലീഗെന്ന ആശയമാണ് ക്ലബ്ബുകൾ മുന്നോട്ടുവെക്കുന്നത്.

മാപ്പുപറഞ്ഞ് ടീം ഉടമകൾ

സൂപ്പർ ലീഗിലേക്ക് പോയതോടെയുയർന്ന ആരാധകരോഷം കുറയ്ക്കാൻ ക്ലബ്ബുടമകൾ മാപ്പുപറഞ്ഞു. മാഞ്ചെസ്റ്റർ യുണൈറ്റഡ് കോ ചെയർമാൻ ജോയൽ ഗ്ലേസർ, ലിവർപൂൾ ഉടമ ജോൺ ഡബ്ല്യു ഹെൻ റി, മാഞ്ചെസ്റ്റർ സിറ്റി ചീഫ് എക്‌സിക്യുട്ടീവ് ഫെറാൻ സോറിയാനോ, ടോട്ടനം ചെയർമാൻ ഡേവിഡ് ലെവി എന്നിവരാണ് ആരാധകരോട് മാപ്പുപറഞ്ഞത്. ആഴ്‌സനൽ ക്ലബ്ബ് കഴിഞ്ഞ ദിവസം ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ക്ഷമചോദിച്ചിരുന്നു.