ലോസാൻ: ടോക്യോ ഒളിമ്പിക്സിൽ വംശീയവിദ്വേഷങ്ങൾക്കെതിരേ പ്രതിഷേധിക്കുന്ന അത്‌ലറ്റുകളെ വിലക്കാൻ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി തീരുമാനം. ബ്ലാക്ക് ലൈവ് മാറ്റേഴ്‌സിന് പിന്തുണയുമായി സമീപകാലത്ത് കായികതാരങ്ങൾ വേദികളിൽ മുട്ടുകുത്തുകയോ മുഷ്ടിചുരുട്ടുകയോ ചെയ്യാറുണ്ട്. ഇത്തരം പ്രതിഷേധങ്ങൾ ഒളിമ്പിക് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നാണ് വാദം.

ഐ.ഒ.സി. 3500-ഓളം അത്‌ലറ്റുകളോട് ഇക്കാര്യത്തിൽ അഭിപ്രായം ചോദിച്ച് സർവേ നടത്തിയിരുന്നു. അതിൽ ഭൂരിഭാഗവും, ഒളിമ്പിക്സിനിടയിലെ പ്രതിഷേധങ്ങളെ എതിർത്തതായി ഐ.ഒ.സി. അറിയിച്ചു.

കഴിഞ്ഞവർഷം നടക്കേണ്ട ഒളിമ്പിക്സ് കോവിഡിനെത്തുടർന്ന് ഈ വർഷത്തേക്ക്‌ മാറ്റിയിരുന്നു. ജൂലായ് 23-ന് തുടങ്ങാനാണ് തീരുമാനം. എന്നാൽ, ഇത്തവണയും നടക്കുമെന്ന് ഉറപ്പില്ല.