കോഴിക്കോട്: കേരള ഫുട്‌ബോളിലേക്ക് കടന്നുവരാൻ താത്‌പര്യപ്പെട്ട് രണ്ട് വൻകിട കമ്പനികൾ രംഗത്ത്. ഫുട്‌ബോളിലേക്ക് വൻകിട കമ്പനികൾക്ക് വാതിൽ തുറന്നിട്ടുള്ള കേരള ഫുട്‌ബോൾ അസോസിയേഷന്റെ വാണിജ്യപങ്കാളിത്ത പദ്ധതിയിൽ താത്‌പര്യം പ്രകടിപ്പിച്ചാണ് കമ്പനികളുടെ വരവ്. ഇവർ സമർപ്പിച്ച അപേക്ഷയുടെ പ്രാഥമിക പരിശോധന കഴിഞ്ഞദിവസം നടന്നു.

അഖിലേന്ത്യ ഫുട്‌ബോൾ അസോസിയേഷനും ഐ.എം.ജി. റിലയൻസും തമ്മിലുണ്ടാക്കിയ വാണിജ്യപങ്കാളിത്ത കരാറിന്റെ ചുവടുപിടിച്ചാണ് കേരള ഫുട്‌ബോൾ അസോസിയേഷനും ഇത്തരമൊരു പദ്ധതി തയ്യാറാക്കിയത്. ഏപ്രിൽ 17 വരെയായിരുന്നു ഇതിനായി അപേക്ഷ സമർപ്പിക്കേണ്ടത്. മൂന്ന് കമ്പനികൾ താത്‌പര്യവുമായി രംഗത്തു വരികയും രണ്ടെണ്ണം അപേക്ഷ നൽകുകയും ചെയ്തു. കമ്പനികളുടെ പേര് പുറത്തുവിട്ടിട്ടില്ല.

കെ.എഫ്.എ. പ്രസിഡന്റ്, എക്സിക്യുട്ടീവ് അംഗം, ഓഡിറ്റർ, കമ്പനി സെക്രട്ടറി, മുൻ ഇന്ത്യൻതാരം എന്നിവർ ഉൾപ്പെട്ട വിദഗ്ധ സമിതിയാണ് വ്യാഴാഴ്ച യോഗം ചേർന്ന് പരിശോധന നടത്തിയത്.

12 വർഷത്തേക്ക് വാണിജ്യകരാറുണ്ടാക്കാനാണ് കെ.എഫ്.എ. ശ്രമിക്കുന്നത്. മത്സരങ്ങളുടെ ബ്രാൻഡിങ്, പ്രൊമോഷൻ, പുതിയ ഫ്രാഞ്ചൈസി ലീഗ് തുടങ്ങിയവ വാണിജ്യപങ്കാളിക്കാകും. ചാനൽ റേറ്റ് അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്തു തീരുമാനിക്കും. ഓരോ വർഷവും നിശ്ചിത തുക അസോസിയേഷന് ലഭിക്കുന്ന രീതിയിലാകും കരാർ.

2010-ലാണ് അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷനും റിലയൻസും തമ്മിൽ 15 വർഷത്തെ വാണിജ്യ കരാറുണ്ടാക്കിയത്. 700 കോടിക്കാണ് കരാർ നൽകിയത്. ഈ കരാറിന്റെ ഭാഗമായാണ് ഇന്ത്യൻ സൂപ്പർ ലീഗ് നിലവിൽ വന്നത്.