ലണ്ടൻ: തിരിച്ചുവരവുകളുടെ സമ്പന്നമായ ചരിത്രത്തിലേക്ക് ഒന്നുകൂടി എഴുതിച്ചേർത്ത മാഞ്ചെസ്റ്റർ യുണൈറ്റഡിന് ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ ഗംഭീരജയം. ആദ്യപകുതിയിൽ രണ്ടു ഗോളിന് പിന്നിലായിരുന്ന ടീം രണ്ടാം പകുതിയിൽ ആക്രമണ ഫുട്‌ബോളിന്റെ മനോഹരമുഹൂർത്തങ്ങൾ സമ്മാനിച്ച് ഇറ്റാലിയൻ ക്ലബ്ബ് അറ്റ്‌ലാന്റയെ കീഴടക്കി (3-2).

81-ാം മിനിറ്റിൽ ലൂക്ക് ഷോയുടെ ക്രോസിന് തലവെച്ച് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് യുണൈറ്റഡിനെ ജയത്തിലെത്തിച്ചത്. മാർക്കസ് റാഷ്‌ഫോഡ് (53), നായകൻ ഹാരി മഗ്വയർ (75) എന്നിവരും യുണൈറ്റഡിനായി ഗോൾ നേടി. മരിയോ പസാലിച്ച് (15), മെറിഹ് ഡെമിറാൽ (28) എന്നിവർ അറ്റ്‌ലാന്റയ്ക്കായി ലക്ഷ്യംകണ്ടു.

എഫ് ഗ്രൂപ്പിലെ മറ്റൊരു കളിയിൽ വിയ്യാറയൽ യങ് ബോയിനെ തോൽപ്പിച്ചു (4-0). മൂന്ന് കളിയിലായി ആറ് പോയന്റായ മാഞ്ചെസ്റ്റർ യുണൈറ്റഡ് മുന്നിലെത്തി. അറ്റ്‌ലാന്റയ്ക്കും വിയ്യാറയലിനും നാലു പോയന്റ് വീതമുണ്ട്.

കരുത്തുകാട്ടി ബയേൺ, ബാഴ്‌സ

36-ാം മിനിറ്റിൽ ജെറാർഡ് പീക്വെ നേടിയ ഗോളിൽ ബാഴ്‌സലോണ ഡൈനാമോ കീവിനെ തോൽപ്പിച്ചു (1-0). ഗ്രൂപ്പ് ഇ-യിൽ ആദ്യജയമാണ് ബാഴ്‌സ നേടിയത്.

ബെൻഫിക്കയെ തോൽപ്പിച്ച് മുൻചാമ്പ്യന്മാരായ ബയേൺ മ്യൂണിക് കുതിപ്പ് തുടർന്നു (4-0). ലിറോയ് സാനെ ഇരട്ടഗോൾ (70, 84) നേടി. റോബർട്ട് ലെവൻഡോവ്‌സ്‌കിയും (82) ലക്ഷ്യംകണ്ടു. എവർട്ടൺ സൊറെസിസിന്റെ (80) സെൽഫ് ഗോളും ടീമിന്റെ അക്കൗണ്ടിലെത്തി. ബയേൺ (9), ബെൻഫിക്ക (4), ബാഴ്‌സ (3) എന്നിങ്ങനെയാണ് ഗ്രൂപ്പിലെ പോയന്റ് നില.

യുവന്റസ്, ചെൽസി മുന്നോട്ട്

മാൽമോയെ കീഴടക്കി ചെൽസി വിജയവഴിയിൽ തിരിച്ചെത്തി (4-0). ജോർജീന്യോ രണ്ട് പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ചു (21, 57). ആന്ദ്രെസ് ക്രിസ്റ്റ്യൻസെൻ (9), കെയ് ഹാവെർട്‌സ് (48) എന്നിവരും ഗോൾ നേടി.

ഗ്രൂപ്പ് എച്ചിലെ മറ്റൊരുകളിയിൽ യുവന്റസ് സെനീത് സെന്റ് പീറ്റേഴ്‌സ്ബർഗിനെ തോൽപ്പിച്ചു (1-0). ദെജാൻ കുളുസെവ്‌സ്‌കി (86) വിജയഗോൾ നേടി. ഒമ്പത് പോയന്റുമായി യുവന്റസാണ് മുന്നിൽ. ചെൽസിക്ക് ആറുപോയന്റുണ്ട്. മറ്റുമത്സരങ്ങളിൽ റെഡ്ബുൾ സാൽസ്ബർഗ് വോൾഫ്‌സ്ബർഗിനെ (3-1) കീഴടക്കിയപ്പോൾ ലില്ലും സെവിയയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.