അറ്റ്‌ലാന്റയ്ക്കെതിരേ വിജയഗോൾ നേടി മാഞ്ചെസ്റ്റർ യുണൈറ്റഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകർക്ക് നൽകിയ വാക്കുപാലിച്ചു. ‘ഞങ്ങളുടെ കാലം വരാനിരിക്കുകയാണ്, ഞങ്ങളാരാണെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാൻ ചാമ്പ്യൻസ് ലീഗിലും നല്ലൊരു വേദിയില്ലെന്ന്‌ താരം സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു’. ഓൾഡ് ട്രാഫഡിൽ യുണൈറ്റഡിന്റെ മറ്റൊരു തിരിച്ചുവരവിന് ചുക്കാൻപിടിച്ച് ക്രിസ്റ്റ്യാനോ തന്റെ വാക്കുകളോട് നീതിപുലർത്തി.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റിയോട് തോറ്റ് വിമർശനം ഏറ്റുവാങ്ങിയ യുണൈറ്റഡ് ടീം അതിസമ്മർദത്തിലാണ് കളിക്കാനിറങ്ങിയത്. സമ്മർദത്തിന് നടുവിൽനിന്നാണ് ക്രിസ്റ്റ്യാനോ അത്തരമൊരു കുറിപ്പ് പങ്കുവെച്ചതും.

ചാമ്പ്യൻസ് ലീഗിൽ 42-ാം വിജയഗോളാണ് ക്രിസ്റ്റ്യാനോ നേടിയത്. രണ്ടാംസ്ഥാനത്തുള്ള മെസ്സിക്ക് 38 വിജയഗോളുകളാണുള്ളത്. 38 വ്യത്യസ്ത എതിരാളികൾക്കെതിരേ ഗോൾ നേടി മറ്റൊരു റെക്കോഡും താരം സ്വന്തമാക്കി.