റോം: ഫുട്‌ബോൾ ലോകത്ത് ചൂടേറിയ ചർച്ചകൾക്ക് തുടക്കമിട്ട് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 760-ാം ഗോൾ. ഇറ്റാലിയൻ സൂപ്പർ കപ്പ് ഫുട്‌ബോൾ ഫൈനലിൽ നാപ്പോളിക്കെതിരേ 67-ാം മിനിറ്റിൽ ലക്ഷ്യം കണ്ടതോടെ, ക്ലബ്ബിനും രാജ്യത്തിനുമായി ക്രിസ്റ്റ്യാനോ 760 ഗോൾ തികച്ചു. ഇതോടെ, ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ എന്ന റെക്കോഡ് ക്രിസ്റ്റ്യാനോ നേടിയതായി ഒരു വിഭാഗം പറയുന്നു. ഔദ്യോഗിക കണക്കിൽ ഓസ്ട്രിയയുടെ ജോസഫ് ബികാന്റെ (759) റെക്കോഡ് മറികടന്നെന്ന് ഇക്കൂട്ടർ വാദിക്കുന്നു.

എന്നാൽ ബികാൻ 805 ഗോൾ നേടി എന്നാണ് മറുവാദം. ആർ.എസ്.എസ്.എസ്.എഫിന്റെ കണക്കാണ് ഇതിന് അടിസ്ഥാനം. ഫുട്‌ബോൾ ഇതിഹാസം പെലെയാകട്ടെ താൻ 1283 ഗോൾ നേടിയിട്ടുണ്ടെന്ന് അടുത്തിടെ ഇൻസ്റ്റഗ്രാം പേജിലൂടെ അഭിപ്രായപ്പെടുകയും ചെയ്തു.

ആർ.എസ്.എസ്.എസ്.എഫിന്റെ കണക്ക് പ്രകാരം ബികാന് 805 ഗോളുണ്ട്. ബ്രസീൽ താരം റൊമാരിയോക്ക് 772 ഗോളും പെലെയ്ക്ക് 767 ഗോളുമുണ്ട്. എന്നാൽ ഇതിലെ പല ഗോളുകളും ഔദ്യോഗികമല്ലെന്ന വാദവുമുയരുന്നുണ്ട്. അനൗദ്യോഗിക ഗോളുകൾ ഒഴിവാക്കിയാൽ ബികാൻ 759 ഗോളും പെലെ 757 ഗോളും റൊമാരിയോ 745 ഗോളും നേടിയെന്നാണ് വാദം. ഇതനുസരിച്ചാണ് ക്രിസ്റ്റ്യാനോ ഫുട്ബോൾ ചരിത്രത്തിലെ ടോപ് സ്കോററായി മാറുന്നത്.

എന്നാൽ ക്രിസ്റ്റ്യാനോയും അദ്ദേഹത്തിന്റെ ക്ലബ്ബായ യുവന്റസും റെക്കോ‍ഡിനെപ്പറ്റി സാമൂഹിക മാധ്യമങ്ങളിൽ ഒന്നും അഭിപ്രായപ്പെട്ടില്ല.

ക്രിസ്റ്റ്യാനോ

കളി 1040

ഗോൾ 760

പോർച്ചുഗൽ

കളി 170

ഗോൾ 102

ക്ലബ്ബുകൾ (കളി, ഗോൾ)

സ്പോർട്ടിങ് ലിസ്ബൺ 31 (5)

മാഞ്ചെസ്റ്റർ യുണൈറ്റഡ് 292 (118)

റയൽ മഡ്രിഡ് 438 (450)

യുവന്റസ് 109 (85)

നാപ്പോളിയെ കീഴടക്കി യുവന്റസ് ചാമ്പ്യൻമാർ

റോം: ക്രിസ്റ്റ്യാനോയുടെ ചരിത്ര ഗോൾ പിറന്ന മത്സരത്തിൽ ഇറ്റാലിയൻ സൂപ്പർ കപ്പ് യുവന്റസ് സ്വന്തമാക്കി. ഫൈനലിൽ നാപ്പോളിയെ തോൽപ്പിച്ചു (2-0). ക്രിസ്റ്റ്യാനോ റൊണാൾഡോ (64), അൽവാരോ മൊറാട്ട (പെനാൽട്ടി 90+5) എന്നിവർ സ്കോർ ചെയ്തു.

16 തവണ ഫൈനൽ കളിച്ച യുവന്റസ് ഒമ്പതാം തവണയാണ് കിരീടം നേടുന്നത്. നാലാം ഫൈനൽ കളിച്ച നാപ്പോളിയുടെ രണ്ടാം തോൽവിയാണിത്.