കോഴിക്കോട് : ഇംഗ്ലീഷ് ഫുട്‌ബോൾ ക്ലബ്ബ് മാഞ്ചെസ്റ്റർ സിറ്റിയിൽ കളിക്കുന്നത് ഏതൊരു ഫുട്ബോൾ താരത്തിന്റെയും സ്വപ്നത്തിലുണ്ടാകും. കൗമാരതാരങ്ങളാണെങ്കിൽ ക്ലബ്ബിന്റെ അക്കാദമിയാകും ലക്ഷ്യം.
അങ്ങനെയൊരു സ്വപ്നം യാഥാർഥ്യമാകുന്ന സന്തോഷത്തിലാണ് പാലക്കാടുകാരൻ ആര്യൻ ഹരിദാസും തൃശ്ശൂരുകാരൻ ഗോകുൽ ബാലുവും. 25-ലധികം രാജ്യങ്ങളിലെ കൗമാരതാരങ്ങളിൽനിന്ന് സിറ്റിയുടെ മിഡിൽ ഈസ്റ്റ് അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 16 കളിക്കാരിൽ ആര്യനും ഗോകുലുമുണ്ട്. 350-ഓളം കളിക്കാർ സെലക്ഷൻ ട്രയൽസിനുണ്ടായിരുന്നു. ഒരുമാസത്തോളം നീണ്ട ക്യാമ്പിന് ശേഷമാണ് ലെഫ്റ്റ് ബാക്കായ ആര്യനും സ്‌ട്രൈക്കറായ ഗോകുലിനും ഇടം ലഭിച്ചത്. അണ്ടർ-16 വിഭാഗത്തിലാണ് ഇരുവരുമുള്ളത്. ദുബായ് അക്കാദമിയിൽ മികവ് പുലർത്തിയാൽ സിറ്റി ഗ്രൂപ്പിന് കീഴിൽ വിവിധരാജ്യങ്ങളിലുള്ള ക്ലബ്ബുകൾ നേരിട്ട് നടത്തുന്ന അക്കാദമിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കും. ആര്യൻ എട്ടാം ക്ലാസിലും ഗോകുൽ ഏഴാം ക്ലാസിലും പഠിക്കുന്നു. മലയാളിയും ഗോകുലം കേരളയുടെ മുൻ പരിശീലകനുമായ അരുൺ പ്രതാപിന്റെ കീഴിൽ ഇരുവരും ദുബായിൽ പരിശീലിക്കുന്നു. പാലക്കാട് മൊടപ്പലൂർ മാത്തൂർ കള്ളിതൊടി വീട്ടിൽ ഹരിദാസ്-ദീപ്‌ന ദമ്പതിമാരുടെ മകനാണ് ആര്യൻ. തൃശ്ശൂർ ഇരിങ്ങാലക്കുട ചേരമ്പറമ്പിൽ ബാലഗോപാലിന്റെയും ഷൈനിയുടെയും മകനാണ് ഗോകുൽ.