മാഞ്ചെസ്റ്റർ: ഏറെക്കാലത്തിന് ശേഷം ഓൾഡ്ട്രാഫഡിൽ വിശ്വരൂപം പുറത്തെടുത്ത് മാഞ്ചെസ്റ്റർ യുണൈറ്റഡ്. ആക്രമണ ഫുട്‌ബോളുമായി വമ്പൻമാരെ വിറപ്പിക്കാറുള്ള ലീഡ്‌സിനെ അതേ നാണയത്തിൽ നേരിട്ട യുണൈറ്റഡ് 6-2 ന് ജയിച്ചു.
മധ്യനിരതാരം സ്കോട്ട് മാക് ടോമിനെ (2, 3), പ്ലേമേക്കർ ബ്രൂണോ ഫെർണാണ്ടസ് (20, പെനാൽട്ടി 70), വിക്ടർ ലിൻഡലോഫ് (37), ഡാനിയേൽ ജയിംസ് (66) എന്നിവർ ആതിഥേയർക്കായും ലിയാം കൂപ്പർ (42), സ്റ്റുവർട്ട് ഡാലസ് (73) എന്നിവർ ലീഡ്‌സിനായും സ്കോർ ചെയ്തു.
കിക്കോഫ് മുതൽ യുണൈറ്റഡ് ഇരമ്പിക്കയറി. 2011-ൽ ആഴ്‌സനലിനെ 8-2 ന് തോൽപ്പിച്ചശേഷം ആദ്യമായാണ് ഒരുകളിയിൽ യുണൈറ്റഡ് ആറ് ഗോൾ നേടുന്നത്.
ജയത്തോടെ 13 കളിയിൽ 26 പോയന്റായ യുണൈറ്റഡ് ലീഗിൽ മൂന്നാം സ്ഥാനത്തേക്കുയർന്നു. 14 കളിയിൽ 31 പോയന്റുമായി ലിവർപൂൾ ഒന്നാമതും ഇത്രയും കളിയിൽ 27 പോയന്റുമായി ലെസ്റ്റർ സിറ്റി രണ്ടാമതുമാണ്. ലെസ്റ്റർ കഴിഞ്ഞ ദിവസം ടോട്ടനത്തെ കീഴടക്കി (2-0). ജെയ്മി വാർഡിയുടെ ഗോളിനൊപ്പം ടോബി ആൾഡർവെയ്‌റെൾഡിന്റെ സെൽഫ് ഗോളും ലെസ്റ്ററിന് ലഭിച്ചു.