കൊച്ചി: വിഘ്‌നേഷ് അടിച്ച ഗോൾ കിരീടമോഹത്തിനു വിഘ്‌നം വരുത്തുമെന്ന ആശങ്കകൾക്ക്‌ എക്‌സ്ട്രാ സമയത്ത് ഗണേശനിലൂടെ ഗോകുലം എഫ്.സി. വിരാമമിട്ടു. എക്‌സ്ട്രാ ടൈംവരെ നീണ്ട കേരള പ്രീമിയർ ലീഗ് ഫുട്ബോൾ ഫൈനലിൽ കെ.എസ്.ഇ.ബി.യെ 2-1ന്‌ മറികടന്ന് ഗോകുലം എഫ്.സി. കിരീടം നേടി. 80-ാം മിനിറ്റുവരെ ഒരു ഗോളിനു പിന്നിൽ നിന്ന ഗോകുലം നിംഷാദ് റോഷനിലൂടെ സമനില ഗോളും എക്‌സ്ട്രാ സമയത്ത് ഗണേശനിലൂടെ വിജയഗോളും നേടി. 54-ാം മിനിറ്റിൽ വിഘ്‌നേഷ് നേടിയ ഗോളിലൂടെ വിജയത്തിലേക്കു നീങ്ങുകയായിരുന്ന കെ.എസ്.ഇ.ബി.യെ അവസാന മിനിറ്റുകളിലെ ആവേശകരമായ കളിയിലൂടെയാണ് ഗോകുലം കീഴടക്കിയത്.

സെമിയിൽ കേരള യുണൈറ്റഡിനെതിരേ കളിച്ച ടീമിനെ ഗോകുലം നിലനിർത്തിയപ്പോൾ എം. വിഘ്‌നേഷിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയാണ് കെ.എസ്.ഇ.ബി. കലാശക്കളിക്കിറങ്ങിയത്. പ്രാഥമിക റൗണ്ടിൽ ഗോളടിച്ചുകൂട്ടിയ ഗോകുലത്തിന്റെ ആക്രമണ ഫുട്‌ബോളിന്റെ പവർ കട്ടു ചെയ്യാനായിരുന്നു കെ.എസ്.ഇ.ബി.യുടെ പദ്ധതി. വിഘ്‌നേഷിനെ ഏക സ്‌ട്രൈക്കറാക്കി ആറുപേർവരെ പ്രതിരോധത്തിലേക്കിറങ്ങിക്കളിച്ചത് അതിന്റെ ഭാഗമായിരുന്നു. വിദേശ താരം സാലിയോ ഗ്വിണ്ടോയുടെ നേതൃത്വത്തിൽ ഗോകുലം പലതവണ കെ.എസ്.ഇ.ബി. ഗോൾമുഖത്ത് റെയ്ഡ് നടത്തിയെങ്കിലും അതൊന്നും ഗോളായില്ല. മറുവശത്ത് വിഘ്‌നേഷിലൂടെയും മുഹമ്മദ് പാറക്കോട്ടിലിലൂടെയും കെ.എസ്.ഇ.ബി.യും ചില തിരിച്ചടികൾ നൽകി.

ആദ്യ പകുതിയിൽ ഗോകുലത്തെ പിടിച്ചുകെട്ടാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിൽ രണ്ടാം പകുതിയിൽ ഇറങ്ങിയ കെ.എസ്.ഇ.ബി. ലക്ഷ്യം കണ്ടു. 54-ാം മിനിറ്റിൽ വലതുവിങ്ങിൽനിന്ന് ജിനേഷ് ഡൊമിനിക് ഉയർത്തി നൽകിയ പന്ത് പിടിക്കാൻ വിഘ്‌നേഷിനൊപ്പം രണ്ടു പ്രതിരോധ താരങ്ങളും ഓടി. പന്തുമായി ബോക്‌സിലേക്ക് കുതിച്ച വിഘ്‌നേഷ് പ്രതിരോധ താരങ്ങളെ വെട്ടിച്ച് ഇടങ്കാൽ ഗ്രൗണ്ടറിലൂടെ പന്ത് വലയുടെ ഇടതു മൂലയിലെത്തിച്ചു (1-0).

80-ാം മിനിറ്റിൽ ഇടതുവിങ്ങിലൂടെയുള്ള നീക്കത്തിനൊടുവിൽ ദീപക് നൽകിയ പന്തുമായി കുതിച്ച നിംഷാദ് റോഷൻ ബോക്‌സിനു ഏറെ വെളിയിൽനിന്ന്‌ തൊടുത്ത ലോങ്‌റേഞ്ചർ ഗോളി ഷെയ്ൻഖാനെ മറികടന്ന് വലയിൽ പതിച്ചു (1-1). എക്‌സ്ട്രാ സമയത്തെ കളി തുടങ്ങി രണ്ടാം മിനിറ്റിൽത്തന്നെ ഗോകുലം കിരീടത്തിലേക്കുള്ള ഗോളടിച്ചു. റിഷാദിനെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് നിംഷാദ് റോഷൻ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തെങ്കിലും ഗോളി ഷെയ്ൻഖാൻ തടുത്തിട്ടു. പന്തെത്തിയത് പക്ഷേ, സ്വതന്ത്രനായി ഓടിക്കയറിയ ഗണേശന്റെ മുന്നിലേക്കായിരുന്നു. ക്ലോസ് റേഞ്ചിൽനിന്ന് ഗണേശൻ അനായാസം പന്ത്‌ വലയിലേക്കു തട്ടിയിട്ടതോടെ കിരീടം ഗോകുലത്തിന് സ്വന്തം(2-1).