ന്യൂഡൽഹി: അണ്ടർ-23 ഏഷ്യാ കപ്പ് യോഗ്യതാ മത്സരങ്ങൾക്ക് ഇന്ത്യ ഇറങ്ങുന്നത് ‘സീനിയർ’ താരങ്ങളുടെ കരുത്തിൽ. ഇന്ത്യൻ സീനിയർ ടീമിൽ കളിച്ച എട്ട് താരങ്ങളാണ് ടീമിൽ ഇടംപിടിച്ചത്. കഴിഞ്ഞ ദിവസമാണ് പരിശീലകൻ ഇഗോർ സ്റ്റിമാച്ച് 23 അംഗ ടീമിനെ പ്രഖ്യാപിച്ചത്. മലയാളി താരങ്ങളായ കെ.പി. രാഹുലും അലക്സ് സജിയും ടീമിലുണ്ട്.

ഗോൾകീപ്പർ ധീരജ് സിങ്, പ്രതിരോധത്തിൽ നരേന്ദർ ഗഹ്‌ലോത്‌, ആകാശ് മിശ്ര, ആശിഷ് റായ്, മധ്യനിരയിൽ സുരേഷ് സിങ്, അമർജീത്ത് കിയാം, അപുയ, ജീക്‌സൻ സിങ്, മുന്നേറ്റത്തിൽ റഹീം അലി എന്നിവരാണ് സീനിയർ ടീമിൽ കളിച്ച താരങ്ങൾ. ഇതിൽ സുരേഷ്, അപുയ, ജീക്‌സൻ, റഹീം അലി എന്നിവർ സ്ഥിരം താരങ്ങളാണ്. രാഹുൽ, കോമൾ തട്ടൽ തുടങ്ങിയവർ സീനിയർ ക്യാമ്പിലെത്തിയിട്ടുമുണ്ട്.

ഈ മാസം 25-ന് ഒമാനെതിരേയാണ് ഇന്ത്യയുടെ ആദ്യമത്സരം. യു.എ.ഇ., കിർഗിസ്താൻ ടീമുകളും ഗ്രൂപ്പ് ഇ യിൽ ഇന്ത്യക്കൊപ്പമുണ്ട്.