ദുബായ്: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് യോഗ്യതാറൗണ്ടിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് സ്കോട്ട്‌ലൻഡ് ടീം മുന്നേറുമ്പോൾ പന്ത്രണ്ടുകാരി റബേക്ക ഡൗണിക്ക് ആഹ്ലാദിക്കാനും അഭിമാനിക്കാനും ഏറെയുണ്ട്. റബേക്ക ഡിസൈൻ ചെയ്ത, കടുംനീലയും പർപ്പിളും കലർന്ന ജേഴ്‌സി ധരിച്ചാണ് സ്കോട്ടിഷ് താരങ്ങൾ ഗ്രൗണ്ടിൽ ഇറങ്ങുന്നത്.

രാജ്യത്തെ സ്കൂൾ വിദ്യാർഥികൾ തയ്യാറാക്കിയ ഇരുനൂറോളം സൃഷ്ടികളിൽനിന്നാണ് റബേക്കയുടെ ഡിസൈൻ തിരഞ്ഞെടുത്തത്. സ്കോട്ടിഷ് ദേശീയ ചിഹ്നവുമായി ബന്ധപ്പെടുത്തിയാണ് റബേക്ക ജേഴ്‌സിയുടെ നിറം തിരഞ്ഞെടുത്തത്. റബേക്കയെ അഭിനന്ദിച്ചുകൊണ്ട് സ്കോട്ടിഷ് ടീം ട്വിറ്ററിൽ സന്ദേശം പോസ്റ്റുചെയ്തിരുന്നു.

യോഗ്യതാറൗണ്ടിലെ ആദ്യമത്സരത്തിൽ ബംഗ്ലാദേശിനെയും രണ്ടാംമത്സരത്തിൽ പാപുവ ന്യൂ ഗിനിയെയും തോൽപ്പിച്ച സ്കോട്ട്‌ലൻഡ് ടീം യോഗ്യതയ്ക്ക് അരികിലെത്തി.