അബുദാബി: ഐ.പി.എലിൽ തങ്ങളുടെ സാധ്യതകൾ അസ്തമിച്ചെന്ന് സമ്മതിച്ച് ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം.എസ്. ധോനി. കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാനോടും ദയനീയമായി കീഴടങ്ങിയതോടെ പോയന്റ് ടേബിളിൽ അവസാന സ്ഥാനത്തായി ചെന്നൈ. 10 കളിയിൽ ഏഴും തോറ്റ ടീമിന് ആകെയുള്ളത് ആറു പോയന്റ്.

ടീമിൽ ഒരു ‘പൊരി’ ഉണ്ടായില്ലെന്ന് ധോനി അഭിപ്രായപ്പെട്ടു. “ഈ സീസണിൽ ടീമിന് ആഗ്രഹത്തിനൊത്ത് ഉയരാനായില്ല. എത്തേണ്ടിടത്ത് എത്താനായില്ല. 17 കളിക്കാരെ ഇക്കുറി ചെന്നൈ പരീക്ഷിച്ചു. അവസരം കിട്ടിയവർ മുതലാക്കിയില്ല. വരുംകളികളിൽ കൂടുതൽ പേർക്ക് അവസരം നൽകും’’ -ധോനി പറഞ്ഞു.

തിങ്കളാഴ്ച രാജസ്ഥാനോട് ചെന്നൈ തോറ്റത് ഏഴു വിക്കറ്റിനാണ്. ഈ സീസണിൽ ഒരു ടീമിന്റെ ഏറ്റവും കുറഞ്ഞ ഒന്നാം ഇന്നിങ്‌സ് ടോട്ടലായിരുന്നു അവരുടേത് (125). ജോസ് ബട്‌ലർ (48 പന്തിൽ 70) രാജസ്ഥാന് വിജയം നൽകി. ധോനിയുടെ 200-ാം ഐ.പി.എൽ. മത്സരമായിരുന്നു ഇത്. അടുത്ത നാലു മത്സരങ്ങളും ജയിച്ചാലും മറ്റുള്ള ടീമുകളുടെ പരാജയങ്ങളെക്കൂടി ആശ്രയിച്ചാകും ചെന്നൈയുടെ സാധ്യത.