ഹൈദരാബാദ്: ഇന്ത്യൻ ബാഡ്മിന്റൺ സൂപ്പർ താരം പി.വി. സിന്ധു ഒളിമ്പിക് ക്യാമ്പ് വിട്ട് യു.കെ.യിലേക്ക് പോയി. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണിത്. ആദ്യമായാണ് അച്ഛനമ്മമാരിൽ ആരെങ്കിലും കൂടെയില്ലാതെ സിന്ധു വിദേശത്ത് പോകുന്നത്. കുടുംബത്തിലെ അസ്വസ്ഥതകളാണ് ഇതിനുപിന്നിലെന്ന് ചില ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ സിന്ധു ക്യാമ്പ് വിട്ടത് അമ്പരപ്പോടെയാണ് കായികലോകം കാണുന്നത്. റിയോ ഒളിമ്പിക്സിലെ വെള്ളിമെഡൽ ജേത്രിയായ സിന്ധു ലോക ബാഡ്മിന്റൺ ചാമ്പ്യനുമാണ്. യു.കെ.യിലെ ഗറ്ററാഡെ സ്പോർട്‌സ് ഇൻസ്റ്റിസ്റ്റ്യൂട്ടിൽ മുതിർന്ന ശാസ്ത്രജ്ഞ റബേക്ക റാൻഡെല്ലിന് ഒപ്പമാണ് താനുള്ളതെന്നും മൂന്നു മാസങ്ങൾക്കുശേഷമുള്ള ഏഷ്യ ടൂറിനുള്ള തയ്യാറെടുപ്പിലാണെന്നും സിന്ധു ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇംഗ്ലണ്ടിലെ താരങ്ങൾക്കൊപ്പം സിന്ധു പരിശീലനം നടത്തും.

കോവിഡ് മഹാമാരിയെ തുടർന്നുള്ള ലോക്ഡൗൺ സിന്ധുവിനെ ബാധിച്ചിട്ടുണ്ടെന്നും അവർ കൂടുതൽ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നെന്നും താരത്തിന്റെ സുഹൃത്തുക്കൾ പറഞ്ഞതായി റിപ്പോർട്ടുണ്ട്. ഈ പ്രായത്തിൽ കടുത്ത നിയന്ത്രണങ്ങളിൽ ജീവിക്കുന്നതിൽ സിന്ധു അസ്വസ്ഥയാണെന്നും കുടുംബത്തിലെ പ്രശ്നങ്ങൾക്ക് കാരണം അതാണെന്നും അഭ്യൂഹമുണ്ട്.

ഗോപീചന്ദ് അക്കാദമിയിലെ പരിശീലകരെ അറിയിച്ചിട്ടാണ് സിന്ധു ഹൈദരാബാദ് വിട്ടത്. രണ്ടുമാസത്തോളം യു.കെ.യിൽ തുടരും. ഓഗസ്റ്റിലാണ് സിന്ധു പരിശീലനം പുനരാരംഭിച്ചത്. അടുത്തിടെ സമാപിച്ച ഡെൻമാർക്ക് ഓപ്പണിൽനിന്ന് അവർ പിൻമാറിയിരുന്നു.