മാങ്ങാട്ടുപറമ്പ്: കണ്ണൂർ സർവകലാശാല അത്‌ലറ്റിക്‌ മീറ്റിൽ ആദ്യദിനം രണ്ട് മീറ്റ് റെക്കോഡുകൾ. പുരുഷന്മാരുടെ 1500 മീറ്ററിലും ഹൈജന്പിലുമാണ് പുതിയ മീറ്റ്‌ റെക്കോഡുകൾ പിറന്നത്. പുരുഷന്മാരുടെ 1500 മീറ്ററിൽ മാങ്ങാട്ടുപറമ്പ് സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷനിലെ സി.പി.അഭിമന്യുവാണ്‌ (4.08.32 മിനിറ്റ്‌) പുതിയ മീറ്റ് റെക്കോഡിട്ടത്. ഇതേ ഇനത്തിൽ നിലവിലെ ചാമ്പ്യൻ (4.10.7 മിനിറ്റ്) മുന്നാട് പീപ്പിൾസ് കോളേജിലെ എ.എസ്.ശ്രീരാഗ് സ്വന്തം റെക്കോഡ് ഭേദിച്ചെങ്കിലും (4.8.47 മിനിറ്റ്) രണ്ടാംസ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ അഭിമന്യു സി.പി.ദിനേശന്റെയും കെ.പി.പൊന്നിഷയുടെയും മകനാണ്. ആദ്യമായാണ് 1500 മീറ്ററിൽ മത്സരിച്ചത്. ആദ്യ മത്സരത്തിൽ തന്നെ റെക്കോഡ് ഭേദിക്കാനായി. 800 മീറ്ററിലും അഭിമന്യു മത്സരിക്കുന്നുണ്ട്.

പുരുഷന്മാരുടെ ഹൈജന്പിൽ പയ്യന്നൂർ കോളേജിലെ രണ്ടാംവർഷ ബിരുദാനന്തരബിരുദ വിദ്യാർഥി എം.യദുകൃഷ്ണനാണ് 1.92 മീറ്റർ ചാടി പുതിയ റെക്കോഡിട്ടത്. സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യ‌ുക്കേഷനിലെ പി.വി.അർജുന്റെ പേരിലുള്ള 1.87 മീറ്ററിന്റെ റെക്കോഡാണ് പഴങ്കഥയായത്. മാതമംഗലം പാണപ്പുഴ പറവൂരിലെ എം.കൃഷ്ണൻ-രമണി ദമ്പതിമാരുടെ മകനാണ്. 2019-20 വർഷത്തിൽ കാലിക്കറ്റ് സർവകലാശാലാ മീറ്റിൽ ഇതേ ഇനത്തിൽ രണ്ടാംസ്ഥാനം നേടിയിരുന്നു.