മാങ്ങാട്ടുപറമ്പ്: കണ്ണൂർ സർവകലാശാലാ അത്‌ലറ്റിക് മീറ്റ് സർവകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിലെ സിന്തറ്റിക് ട്രാക്കിൽ ഞായറാഴ്ച തുടങ്ങി. ആദ്യദിവസം 22 ഇനങ്ങളിൽ മത്സരം പൂർത്തിയായപ്പോൾ പുരുഷവിഭാഗത്തിൽ 32 പോയിന്റോടെ മാങ്ങാട്ടുപറമ്പ് സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ മുന്നിലെത്തി. വനിതാവിഭാഗത്തിൽ 33 പോയിന്റുമായി തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജാണ് മുന്നിൽ.

പുരുഷവിഭാഗത്തിൽ 20 പോയിന്റുമായി കാസർകോട് ഗവ. കോളേജ് രണ്ടാംസ്ഥാനത്തും 12 പോയിന്റുമായി പീപ്പിൾസ് കോളേജ് മുന്നാട് മൂന്നാംസ്ഥാനാത്തുമാണ്. വനിതാ വിഭാഗത്തിൽ സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ 21 പോയന്റുമായി രണ്ടാം സ്ഥാനത്തും 12 പോയന്റ് നേടി മാടായി കോളേജ് മൂന്നാം സ്ഥാനത്തുമുണ്ട്.

കോവിഡ് കാരണം നീട്ടിവെച്ച 2020-21 വർഷത്തെ കായികമേളയാണ് ഇപ്പോൾ നടക്കുന്നത്. എം.വിജിൻ എം.എൽ.എ. പതാക ഉയർത്തി മേള ഉദ്ഘാടനം ചെയ്തു. സിൻഡിക്കേറ്റംഗം എം.പി.രാജു അധ്യക്ഷത വഹിച്ചു. കെ.പി.മനോജ്, കെ.വി.അനൂപ് കുമാർ എന്നിവർ സംസാരിച്ചു. മേള 21-ന് സമാപിക്കും.

കായികമേള അവധിദിനങ്ങളിൽ

: കണ്ണൂർ സർവകലാശാലയിൽ ബിരുദ, ബിരുദാനന്തരതലത്തിൽ വിവിധ സെമസ്റ്റർ പരീക്ഷകൾ നടക്കുന്ന സമയമായതിനാൽ അത്‌ലറ്റിക് മീറ്റ് അവധിദിനങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തി. പ്രധാന ഇനങ്ങൾ ഞായറാഴ്ചയും ശ്രീനാരായണഗുരു സമാധിദിനമായ ചൊവ്വാഴ്ചയുമാണ്. തിങ്കളാഴ്ച രാവിലെ മൂന്ന് മത്സരങ്ങൾ മാത്രമാണ് നടത്തുക.

കോവിഡ് സാഹചര്യത്തിലാണ് അത്‌ലറ്റിക് മീറ്റ് അനിശ്ചിതമായി നീട്ടിവെക്കേണ്ടിവന്നതെന്ന് സർവകലാശാലാ കായികവിഭാഗം അധികൃതർ പറഞ്ഞു. വിദ്യാർഥികളുടെ അവസരങ്ങൾ നഷ്ടമാകാതിരിക്കാനാണ് പെട്ടെന്ന് ആസൂത്രണംചെയ്ത് കായികമേള സംഘടിപ്പിച്ചതെന്നും അവർ വ്യക്തമാക്കി.

പങ്കെടുക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്

:കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയവർക്ക് മാത്രമാണ് മത്സരത്തിൽ പങ്കെടുക്കാൻ അനുമതി നൽകിയത്. പങ്കെടുക്കുന്ന കോളേജുകളുടെയും കായികതാരങ്ങളുടെയും എണ്ണം കുറവാണ്. സർവകലാശാലാ പരിധിയിൽ 78-ഒാളം കോളേജുകളുള്ളതിൽ 44 എണ്ണം മാത്രമാണ് മേളയിൽ പങ്കെടുക്കുന്നത്. 400-ലധികം കായികതാരങ്ങളുമെത്തും. 11 കോളേജുകളിൽനിന്ന് ഒരാൾവീതവും അത്രയുംതന്നെ കോളേജുകളിൽനിന്ന് രണ്ടുപേർ വീതവുമാണ് മേളയിൽ പങ്കെടുക്കുന്നത്.