ബെർലിൻ: സീസണിൽ കളിച്ച എട്ടു മത്സരങ്ങളിൽ അടിച്ചത് 38 ഗോൾ! ജർമൻ ക്ലബ്ബ് ബയേൺ മ്യൂണിക്കാണ് ഗോൾദാഹം തീരാതെ എതിരാളികളുടെ വലനിറയ്ക്കുന്നത്. കഴിഞ്ഞദിവസം ബുണ്ടസ് ലിഗയിൽ, സ്ഥാനക്കയറ്റം നേടിയെത്തിയ വി.എഫ്.എൽ. ബൊക്കാമിന്റെ വലയിൽ ഏഴുഗോൾ അടിച്ചുകയറ്റി.

ബുണ്ടസ് ലിഗയിലെ അഞ്ചു കളിയിൽ 20 ഗോളാണ് ടീം നേടിയത്. വഴങ്ങിയത് നാലെണ്ണം. ജർമൻകപ്പിൽ ബ്രെമർ എസ്.വി.ക്കെതിരേ 12 ഗോളടിച്ച് ടീം വിശ്വരൂപം കാട്ടി. സൂപ്പർകപ്പിൽ ബൊറൂസ്സിയ ഡോർട്മുൺഡിനെ 3-1 ന് തോൽപ്പിച്ചു. ചാമ്പ്യൻസ് ലീഗിൽ കരുത്തരായ ബാഴ്‌സലോണയെ 3-0 ത്തിന് വീഴ്ത്തി. ആകെ 38 ഗോൾ നേടിയപ്പോൾ വഴങ്ങിയത് അഞ്ചു ഗോൾ.

പരിശീലകസ്ഥാനത്തുനിന്ന് ഹാൻസ് ഫ്ളിക്ക് മാറി ജൂലിയൻ നാഗൽസ്മാൻ എത്തിയത് ടീമിനെ ബാധിച്ചിട്ടില്ല. ഗോൾവേട്ടയിൽ മുന്നിലുള്ളത് സൂപ്പർ സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോവ്‌സ്‌കി, 11 ഗോൾ. എറിക് മാക്‌സിം മോട്ടിങ് ആറും ജമാൽ മുസിയാള നാലും ഗോൾ നേടി.