കൊൽക്കത്ത: നിർണായക മത്സരത്തിൽ ഗോൾമഴയോടെ ഗോകുലം കേരള എഫ്.സി. ഡ്യൂറാൻഡ് കപ്പ് ഫുട്‌ബോളിന്റെ ക്വാർട്ടർ ഫൈനലില്‍ കടന്നു. നിലവിലെ ചാമ്പ്യൻമാരായ ഗോകുലം അസം റൈഫിൾസിനെ 7-2ന് കീഴടക്കി. നൈജീരിയൻ സ്‌ട്രൈക്കർ ചിസം ചിക്കത്താര ഹാട്രിക്ക് (1, 52, 72) നേടി. ഗോവൻതാരം ബെനസ്റ്റോൺ ബാരറ്റോ ഇരട്ടഗോൾ (2, 45+2) നേടിയപ്പോൾ ഘാനതാരം റഹീം ഒസുമാനു (34), കണ്ണൂരുകാരനായ സൗരവ് (60) എന്നിവരും ഗോൾ നേടി. അസം റൈഫിൾസിനായി റോജർ സിങ് (36), സമുജൽ റബ (64) എന്നിവർ ലക്ഷ്യം കണ്ടു.

ഗ്രൂപ്പ് ഡി ചാമ്പ്യൻമാരായി ക്വാർട്ടറിലെത്തിയ ഗോകുലത്തിന് കൊൽക്കത്ത വമ്പൻമാരായ മുഹമ്മദൻസാണ് എതിരാളി. മത്സരം സെപ്റ്റംബർ 23-ന്. മൂന്നുകളിയിൽ ഏഴുപോയന്റാണ് ഗോകുലത്തിനുള്ളത്. ഇത്രയും പോയന്റുള്ള ആർമി റെഡും ക്വാർട്ടറിൽ കടന്നു. ഗോൾ വ്യത്യാസത്തിൽ ഗോകുലം ഗ്രൂപ്പ് ജേതാക്കളായി. ആർമി അവസാനമത്സരത്തിൽ ഹൈദരാബാദ് എഫ്.സി.യെ തോൽപ്പിച്ചു (2-1). സൂപ്പർ ലീഗ് ക്ലബ്ബായ ഹൈദരാബാദും അസം റൈഫിൾസും ടൂർണമെന്റിൽനിന്ന് പുറത്തായി.

വിജയംമാത്രം ലക്ഷ്യമിട്ടിറങ്ങിയ ഗോകുലം 36-ാം സെക്കൻഡിൽ ഗോൾ നേടി. ചിക്കത്താരയായിരുന്നു സ്കോറർ. തൊട്ടുപിന്നാലെ ബാരറ്റോയും ഗോൾ നേടി. ആദ്യപകുതിയിൽ ടീം 4-1ന് മുന്നിട്ടുനിന്നു. രണ്ടാംപകുതിയിൽ മൂന്ന് ഗോൾകൂടി നേടി ഗോകുലം ക്വാർട്ടർ ബർത്തുറപ്പിച്ചു.