ലണ്ടൻ: അടുത്ത അഞ്ചു മത്സരങ്ങൾ കഴിയുമ്പോൾ മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെ പരിശീലകക്കസേരയിൽ ഓലെ ഗുണാർ സോൾഷേർ ഉണ്ടാകുമോയെന്ന് ഫുട്‌ബോൾലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നു. കാരണം അത്രയും സമ്മർദവും കടുത്ത എതിരാളികളുമാണ് യുണൈറ്റഡിനും സോൾഷേറിനും മുന്നിലുള്ളത്. റയൽ മഡ്രിഡ് മുൻ പരിശീലകനും ഫ്രഞ്ച് ഇതിഹാസതാരവുമായ സിനദിൻ സിദാനുമായി യുണൈറ്റഡ് ക്ലബ്ബ് മാനേജ്‌മെന്റ് ബന്ധപ്പെട്ടന്ന വാർത്ത പുറത്തുവന്നു.

ചാമ്പ്യൻസ് ലീഗിൽ ബുധനാഴ്ച രാത്രി യുണൈറ്റഡ് അറ്റ്‌ലാന്റയെ നേരിടും. തുടർന്ന് പ്രീമിയർ ലീഗിൽ ലിവർപൂൾ, ടോട്ടനം ടീമുകൾക്കെതിരേ മത്സരം. അതിനുശേഷം ചാമ്പ്യൻസ് ലീഗിൽ വീണ്ടും അത്‌ലറ്റാന്റയ്ക്കെതിരേ കളി. അതുകഴിഞ്ഞാൽ പ്രീമിയർ ലീഗിലെ മാഞ്ചെസ്റ്റർ നാട്ടങ്കത്തിൽ സിറ്റിയുമായി മത്സരം. ഇത്രയും കളികളാകും സോൾഷേറിന്റെ ഭാവി നിശ്ചയിക്കുക. ശരിക്കും നിലനിൽപ്പിന്റെ പഞ്ചയുദ്ധം.

മികച്ച സ്‌ക്വാഡുണ്ടായിട്ടും വിജയം ശീലമാക്കാൻ കഴിയാത്തതോടെ ആരാധകരോഷം സോൾഷേറിന് എതിരായിട്ടുണ്ട്. പ്രീമിയർ ലീഗിൽ കഴിഞ്ഞ മത്സരത്തിൽ ലെസ്റ്റർ സിറ്റിക്കെതിരായ തോൽവിയാണ് വലിയ തിരിച്ചടിയായത്. വൻതുക മുടക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ, റാഫേൽ വരാൻ, ജേഡൻ സാഞ്ചോ എന്നിവരെ കൊണ്ടുവന്നിട്ടും അതിനൊത്ത റിസള്‍ട്ട് ലഭിക്കാത്തതിൽ ആരാധകർക്കും മാനേജ്‌മെന്റിനും അതൃപ്തിയുണ്ട്. ഇപ്പോൾ സോൾഷേറിന് മാനേജ്‌മെന്റ് പൂർണപിന്തുണ നൽകുന്നുണ്ടെങ്കിലും തോൽവി ആവര്‍ത്തിച്ചാൽ അതുണ്ടാകില്ല. തന്ത്രങ്ങളുടെ അഭാവവും സോൾഷേറിന് തിരിച്ചടിയാണ്. പ്രീമിയർ ലീഗിൽ ആറാംസ്ഥാനത്താണ് ടീം.

അതിനിടെയാണ് സിദാനുമായി മാനേജ്‌മെന്റ് ഫോണിൽ ബന്ധപ്പെട്ടെന്ന വാർത്ത പുറത്തുവരുന്നത്. ഫ്രഞ്ച് ടീമിന്റെ പരിശീലകസ്ഥാനം മോഹിക്കുന്ന സിദാൻ യുണൈറ്റഡിലേക്ക് എത്തുമോയെന്ന് ഉറപ്പില്ല. സോൾഷേറിനെ മാറ്റാൻ തീരുമാനിച്ചാൽ ആദ്യപരിഗണന സിദാനായിരിക്കും. ഇറ്റാലിയൻ പരിശീലകൻ അന്റോണിയോ കോണ്ടിയും പരിഗണനയിലുണ്ട്.