ലണ്ടൻ: ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ വമ്പൻമാരായ ബാഴ്‌സലോണ, മാഞ്ചെസ്റ്റർ യുണൈറ്റഡ് ടീമുകൾ ബുധനാഴ്ച നിർണായക പോരാട്ടത്തിന് ഇറങ്ങുന്നു. രാത്രിനടക്കുന്ന മത്സരങ്ങളിൽ ബാഴ്‌സലോണയ്ക്ക് ഡൈനാമോ കീവും യുണൈറ്റഡിന് അറ്റ്‌ലാന്റയുമാണ് എതിരാളി.

ആദ്യ രണ്ട് കളിയുംതോറ്റ ബാഴ്‌സയ്ക്ക് നിലനിൽപ്പിന്റെ പോരാട്ടമാണിത്. ഗ്രൂപ്പ് ഇ.യിൽ ബയേൺ മ്യൂണിക്, ബെൻഫിക്ക ടീമുകളോടാണ് ബാഴ്‌സ തോറ്റത്. പരിക്ക് മാറി അൻസു ഫാറ്റി, ഫിലിപ്പ് കുടീന്യോ, സെർജി അഗ്യൂറോ എന്നിവർ തിരിച്ചെത്തിയത് ടീമിന് ആശ്വാസം പകരുന്നു.

ബുധനാഴ്ച രാത്രി 10.15-നാണ് മത്സരം. ഗ്രൂപ്പിലെ മറ്റൊരുകളിയിൽ രാത്രി 12.30-ന് ബയേൺ ബെൻഫിക്കയെ നേരിടും. രണ്ട് മത്സരവും ജയിച്ച ബയേൺ കുതിപ്പ് തുടരാമെന്ന പ്രതീക്ഷയിലാണ്. ഒരു ജയവും സമനിലയുമാണ് ബെൻഫിക്കയ്ക്കുള്ളത്.

ഗ്രൂപ്പ് എഫിൽ അറ്റ്‌ലാന്റയെ നേരിടുന്ന മാഞ്ചെസ്റ്റർ യുണൈറ്റഡിനും പരിശീലകൻ ഓലെ ഗുണാർ സോൾഷേറിനും ജയം അനിവാര്യമാണ്. പ്രീമിയർ ലീഗിൽ തിരിച്ചടിനേരിട്ട യുണൈറ്റഡ് അറ്റ്‌ലാന്റയോട് തോറ്റാൽ സോൾഷേറിന്റെ നിലനിൽപ്പുതന്നെ അപകടത്തിലാകും. രണ്ട് കളിയിൽ നാല് പോയന്റുമായി ഗ്രൂപ്പിൽ ഒന്നാമതാണ് അറ്റ്‌ലാന്റ. ആദ്യകളിയിൽ യങ് ബോയ്‌സിനോട് തോറ്റ യുണൈറ്റഡ് കഴിഞ്ഞമത്സരത്തിൽ വിയ്യറയലിനെ തോൽപ്പിച്ചിരുന്നു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ യങ് ബോയ്‌സ് വിയ്യറായലിനെ നേരിടും. രണ്ട് മത്സരങ്ങളും രാത്രി 12.30-ന്.

ഗ്രൂപ്പ് എച്ചിൽ മൂന്നാംജയം മോഹിച്ച് യുവന്റസ് റഷ്യൻ ക്ലബ്ബ് സെനീത് സെയ്‌ന്റ് പീറ്റേഴ്‌സ് ബർഗിനെ നേരിടും. ഇറ്റാലിയൻ സീരി എ.യിൽ കരുത്തരായ എ.എസ്. റോമയെ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് യുവന്റസ് ഇറങ്ങുന്നത്. ഗ്രൂപ്പിലെ മറ്റൊരുകളിയിൽ ചെൽസിയും മാൽമോയും ഏറ്റുമുട്ടും. കഴിഞ്ഞമത്സരത്തിൽ യുവന്റസിനോട് തോറ്റ ചെൽസി ജയത്തോടെ തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ്. രണ്ട് കളികളും രാത്രി 12.30-ന്.

ഗ്രൂപ്പ് ജി.യിൽ റെഡ്ബുൾ സാൽസ്ബർഗ് വോൾഫ്‌സ്ബർഗിനേയും ലിൽ സെവിയയേയും നേരിടും.