ലണ്ടൻ: ഇറ്റലിയും ബെൽജിയവും യുവേഫ നേഷൻസ് കപ്പ് ഫുട്‌ബോളിന്റെ സെമിഫൈനലിൽ കടന്നു. അവസാന ഗ്രൂപ്പ് മത്സരങ്ങളിൽ ഇറ്റലി ബോസ്‌നിയ ഹെർസഗോവിനയെയും (2-0) ബെൽജിയം ഡെൻമാർക്കിനെയും തോൽപ്പിച്ചു (4-2). ഇതോടെയാണ് യോഗ്യത ഉറപ്പായത്. നേരത്തേ ഫ്രാൻസ്, സ്പെയിൻ ടീമുകളും യോഗ്യതനേടി. സെമിഫൈനൽ എതിരാളികളെ നറുക്കെടുപ്പ് വഴി തീരുമാനിക്കും.
ആന്ദ്രെ ബെലോട്ടി, ഡൊമെനിക്കോ ബെറാർഡി എന്നിവരുടെ ഗോളുകളിലാണ് ഇറ്റലി ബോസ്‌നിയയെ തോൽപ്പിച്ചത്. ഗ്രൂപ്പിലെ മറ്റൊരു കളിയിൽ ഹോളണ്ട് പോളണ്ടിനെ തോൽപ്പിച്ചു (2-0). മെംഫിസ് ഡീപെ, ജോർജീന്യോ വിനാൾഡം എന്നിവർ ഗോൾ നേടി. ആറു കളിയിൽ 12 പോയന്റുമായാണ് ഇറ്റലി മുന്നേറിയത്. ഹോളണ്ടിന് 11 പോയന്റുണ്ട്.
ഇരട്ടഗോൾ നേടിയ റൊമേലു ലുക്കാക്കുവിനൊപ്പം യുറി ടൈലെമാൻസും കെവിൻ ഡിബ്രുയ്‌നും സ്കോർ ചെയ്തതോടെ ബെൽജിയം ഡെൻമാർക്കിനെതിരേ ജയിച്ചുകയറി. ഡാനിഷ് ടീമിനായി യോനസ് വിൻഡും നസെർ ചാഡ്‌ലിയും സ്കോർ ചെയ്തു. മറ്റൊരു കളിയിൽ ഇംഗ്ലണ്ട് ഐസ്‌ലൻഡിനെ തോൽപ്പിച്ചു (4-0). ഫിൽ ഫോഡൻ ഇരട്ടഗോൾ നേടി. ഡീക്ലാൻ റീസെ, മാസൺ മൗണ്ട് എന്നിവരും ഗോൾ നേടി. ഗ്രൂപ്പ് രണ്ടിൽ 15 പോയന്റുമായാണ് ബെൽജിയം മുന്നേറിയത്. ഡെൻമാർക്ക് (10), ഇംഗ്ലണ്ട് (10) ടീമുകളാണ് പിന്നിൽ.
ലീഗ് എ-യിലെ ബോസ്നിയ, ഐസ്‌ലൻഡ്, സ്വീഡൻ, സ്വിറ്റ്‌സർലൻഡ് ടീമുകൾ ലീഗ് ബിയിലേക്ക് തരംതാഴ്ത്തപ്പെട്ടു. ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക്, ഹംഗറി, വെയ്ൽസ് ടീമുകൾ ലീഗ് എ-യിലേക്ക് സ്ഥാനക്കയറ്റം നേടി.