കോവിഡിന്റെ ഭീഷണിയിൽ ഒരുവർഷം വൈകിയെങ്കിലും 32-ാമത് ഒളിമ്പിക്‌സ് അടുത്തെത്തിക്കഴിഞ്ഞു. താരങ്ങൾ ടോക്യോയിൽ എത്തിത്തുടങ്ങി. പതിനെട്ടായിരത്തോളംപേരെ ഉൾക്കൊള്ളുന്ന ഒളിമ്പിക് വില്ലേജ് കഴിഞ്ഞദിവസം തുറന്നു.

വില്ലേജിലെ വിശേഷങ്ങൾ...

: ടോക്യോയിലെ ചുവോവാർഡിലാണ് ഒളിമ്പിക് വില്ലേജ്. കോവിഡ് ആയതിനാൽ മത്സരത്തിനും പരിശീലനത്തിനും ഭക്ഷണം കഴിക്കാനുമല്ലാതെ താരങ്ങളോ ടീം അംഗങ്ങളോ വില്ലേജുവിട്ട് പുറത്തുപോകാൻ പാടില്ല. മറ്റെല്ലാ സമയവും ഒളിമ്പിക് വില്ലേജിലെ സ്വന്തം മുറിയിൽ ഉണ്ടാകണം. അതുകൊണ്ട് ഏറെ മുന്നൊരുക്കങ്ങളോടെയാണ് ടോക്യോയിലെ ഒളിമ്പിക് വില്ലേജിന്റെ നിർമാണവും പ്രവർത്തനവും. വില്ലേജിന് 4,40,000 ചതുരശ്ര മീറ്റർ വിസ്താരമുണ്ട്.

ടോക്യോയിലെ തിരക്കേറിയ മാർക്കറ്റായ ഗിൻസയിൽനിന്ന് രണ്ടു കിലോമീറ്റർ അകലെയാണ് വില്ലേജ്. പതിനായിരത്തിലേറെ അത്‌ലറ്റുകളും ഒഫീഷ്യൽസും ഉൾപ്പെടെ 18,000 പേർക്ക് ഇവിടെ ഒരേസമയം താമസിക്കാം.

14 മുതൽ 18 വരെ നിലകളുള്ള 21 കെട്ടിടങ്ങളാണ് താമസിത്തിനായി ഒരുക്കിയത്. അഴിച്ചെടുത്ത് പുനരുപയോഗിക്കാവുന്ന കാർഡ്‌ബോർഡ് കൊണ്ടാണ് ബെഡ്ഡുകൾ നിർമിച്ചിരിക്കുന്നത്. അധികം വെളിച്ചമില്ലാത്തതിനാൽ പകൽസമയത്തും ഇവിടെ ഉറങ്ങാം. ഓരോ 30 മിനിറ്റുകൂടുമ്പോഴും മുറിയിൽ കൃത്രിമമായി ശുദ്ധവായു എത്തിക്കും.

നിശ്ചിത ഭാരത്തിലധികം വഹിക്കേണ്ടിവന്നാൽ പൊട്ടിപ്പോകുന്നതരത്തിലാണ് ബെഡ്ഡുകൾ നിർമിച്ചതെന്നും ഇത് ഗെയിംസ് വില്ലേജിനകത്തെ സമ്പർക്കം കുറയ്ക്കാനാണെന്നും കഴിഞ്ഞദിവസം വാർത്തയുണ്ടായിരുന്നെങ്കിലും സംഘാടകർ അത് നിഷേധിച്ചു.

ഒളിമ്പിക് വില്ലേജിൽ രണ്ട് ഭക്ഷണശാലകളുണ്ട്. ഭക്ഷണശാലയുടെമുന്നിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്‌ക്രീനിൽ അകത്തെ തിരക്ക് കണ്ടറിയാം. ഒരേസമയം ആറുപേർക്ക് ഭക്ഷണം കഴിക്കാവുന്ന മേശയാണെങ്കിലും നാലുപേരെ മാത്രമേ അനുവദിക്കൂ. 700 തരത്തിലുള്ള വിഭവങ്ങൾ ഉണ്ടാകും.

ഒളിമ്പിക് വില്ലേജിലെ അതിവിശാലമായ ഫിറ്റ്‌നസ് സെന്ററിൽ അത്‌ലറ്റുകൾക്ക് പരിശീലനം നടത്താം. ഒളിമ്പിക് വില്ലേജിൽനിന്ന് വേദികളിലേക്ക് ഓരോ അഞ്ചുമിനിറ്റ് കൂടുമ്പോഴും ബസ് സർവീസ് ഉണ്ടാകും. 24 മണിക്കൂറും ബസുകളുടെ സേവനമുണ്ടാകും. ഡോക്ടർമാരടക്കം 100 ആരോഗ്യപ്രവർത്തകരുടെ സംഘം ഒളിമ്പിക് വില്ലേജിൽ 24 മണിക്കൂറും ഉണ്ടായിരിക്കും.

കാർബൺ ബഹിർഗമനം കുറയ്ക്കാൻ

കാർബൺഡൈ ഓക്‌സൈഡ് പുറന്തള്ളുന്ന കാര്യത്തിൽ ലോകത്ത് അഞ്ചാം സ്ഥാനത്താണ് ജപ്പാൻ. ഒളിമ്പിക്‌സ് പോലൊരു മഹാമേള നടക്കുമ്പോൾ കാർബൺ ബഹിർഗമനം കൂടാനാണ് സാധ്യത. ഇതോടനുബന്ധിച്ച് നടക്കുന്ന നിർമാണപ്രവർത്തനങ്ങൾമുതൽ ലോകത്തെ ഇരുനൂറിലേറെ രാജ്യങ്ങളിൽനിന്ന് അത്‌ലറ്റുകളും കാണികളും വരുന്നതുൾപ്പെടെയുള്ള ഘട്ടങ്ങളെല്ലാം കാർബൺ ബഹിർഗമനം കൂട്ടും. ഇത് കുറയ്ക്കാൻ ബോധപൂർവമായ മുന്നൊരുക്കം ടോക്യോയിലെ സംഘാടകസമിതി നടത്തുന്നുണ്ട്.

പുനരുപയോഗിക്കാവുന്ന കാർഡ്‌ബോർഡ് ബെഡ്ഡുകളുടെ ഉപയോഗവും വൈദ്യുതിക്കായി സൗരോർജം, ജൈവ ഇന്ധനം എന്നിവയെ ആശ്രയിക്കുന്നതും അതിൽ പ്രധാനം. കാണികളുടെ എണ്ണം പരമാവധി കുറച്ചതിലൂടെ അവശിഷ്ടമാലിന്യം പരമാവധി കുറയും എന്നുകരുതുന്നു.