ലണ്ടൻ: ഫോർമുല വൺ ബ്രിട്ടീഷ് ഗ്രാൻപ്രീയിലെ വിജയത്തിനുപിന്നാലെ മെഴ്‌സിഡസ് ഡ്രൈവർ ലൂയി ഹാമിൽട്ടന് സാമൂഹികമാധ്യമങ്ങളിൽ വംശീയാധിക്ഷേപം. ബ്രിട്ടീഷ് താരമായ ഹാമിൽട്ടൺ കഴിഞ്ഞദിവസം വിജയിച്ചത് വിവാദമായിരുന്നു. ലോകകിരീടത്തിനായുള്ള പോരാട്ടത്തിൽ ഒന്നാമതുള്ള മാക്‌സ് വെസ്തപ്പന്റെ കാർ മത്സരത്തിനിടെ അപകടത്തിൽപ്പെട്ടിരുന്നു. ഹാമിൽട്ടന്റെ കാറിന്റെ മുൻടയർ വെസ്തപ്പന്റെ കാറിന്റെ പിൻടയറിൽ ഉരസിയതോടെയാണ് അപകടമുണ്ടായത്. വെസ്തപ്പൻ നേരിയ വ്യത്യാസത്തിനാണ് രക്ഷപ്പെട്ടത്. സംഭവത്തിൽ ഹാമിൽട്ടന് 10 സെക്കന്റ് പിഴശിക്ഷ ലഭിച്ചു. എന്നാൽ ഫെരാരിയുടെ ചാൾസ് ലെക്ലെർക്കിനെ പിന്തള്ളി ബ്രിട്ടീഷ് താരം ചാമ്പ്യനായി. ഇതോടെയാണ് വംശീയാധിക്ഷേപങ്ങൾ രൂക്ഷമായത്. സീസണിൽ ഹാമിൽട്ടന്റെ നാലാം ഗ്രാൻപ്രീ കിരീടമാണ്. ലോകകിരീടത്തിനായുള്ള മത്സരത്തിൽ റെഡ്ബുള്ളിന്റെ വെസ്തപ്പനുമായുള്ള പോയന്റ് വ്യത്യാസം കുറയ്ക്കാനും ഹാമിൽട്ടനായി.