:ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടിൽ വിരാട് കോലിയും സംഘവും പിങ്ക് ടെസ്റ്റിൽ ഐതിഹാസിക ജയം നേടുന്നത് സ്വപ്നം കണ്ടാവും ശരാശരി ഇന്ത്യൻ ആരാധകൻ വെള്ളിയാഴ്ച ഉറങ്ങാൻ കിടന്നത്. കാരണം, പൊതുവേ പേസ് ബൗളിങ്ങിന് അനുകൂലമായ അഡ്‌ലെയ്ഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ടീം ഇന്ത്യ 53 റൺസിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് നേടിയിരുന്നു. എന്നാൽ ശനിയാഴ്ച രാവിലെ രണ്ടാമിന്നിങ്‌സിൽ ഇന്ത്യൻ ബാറ്റ്‌സ്മാൻമാരുടെ കളി കണ്ടപ്പോൾ ഇവരെക്കുറിച്ചാണല്ലോ ഇത്രയും പ്രതീക്ഷ പുലർത്തിയതെന്ന് നിരാശപ്പെട്ടിട്ടുണ്ടാകും.

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും ചെറിയ ഇന്നിങ്‌സ്‌ സ്കോറുമായി അവർ കീഴടങ്ങി. നാണക്കേടിന്റെ റെക്കോഡ് മാറ്റിനിർത്തിയാലും ന്യായീകരിക്കാനാകാത്ത പതനമാണിത്. അത്യാവശ്യത്തിന് ബൗൺസും വേഗവുമുള്ള വിക്കറ്റിൽ ബാറ്റുചെയ്യേണ്ടത് എങ്ങനെയെന്ന അടിസ്ഥാന ധാരണയില്ലാതെയാണ് ഇന്ത്യൻ ബാറ്റ്‌സ്മാൻമാർ കളിച്ചത്. തുടക്കത്തിൽ ബാറ്റിങ് അല്പം പ്രയാസമായിരുന്നു. കുറച്ചുനേരം പിടിച്ചുനിന്നാൽ പിന്നെ ആയാസരഹിതമായി കളിക്കാനുമാവും. പക്ഷേ, പന്ത് പ്രതിരോധിക്കാൻ പോലുമറിയില്ലെന്ന് ഇന്ത്യൻ ബാറ്റ്‌സ്മാൻമാർ തെളിയിച്ചു. മിഡിൽ, ഓഫ് സ്റ്റമ്പുകൾക്ക് നേരെയോ അല്പം പുറത്തേക്കോ വന്ന പന്ത് പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ ബാറ്റിലുരസി പിറകോട്ട് തെറിച്ച് വിക്കറ്റ്കീപ്പർ ക്യാച്ചെടുത്താണ് അഞ്ചുപേർ മടങ്ങിയത്.

പുജാര പുറത്തായ കമ്മിൻസിന്റെ പന്ത് തീർച്ചയായും വിക്കറ്റ് അർഹിച്ചിരുന്നു. മായങ്ക് അഗർവാളും രഹാനെയും ഹേസൽവുഡിന്റെ പന്തുകളുടെ ഗതി മനസ്സിലാക്കാതെ ബാറ്റുവെച്ച് മടങ്ങി. തുടരെ വിക്കറ്റുകൾ നഷ്ടമായപ്പോൾ പരിഭ്രമിച്ച ക്യാപ്റ്റൻ കോലി, ആക്രമിച്ചു കളിച്ച് പരമാവധി റൺസ് നേടാനുള്ള ഒരുക്കത്തിലായിരുന്നു. ഓഫ് സ്റ്റമ്പിന് പുറത്തേക്കു പോവുന്ന കമ്മിൻസിന്റെ പന്തിൽ കവർ ഡ്രൈവ് കളിക്കാനായിരുന്നു ശ്രമം. ഷോട്ട് സെലക്ഷൻ പാളിയെന്നുതന്നെ പറയണം. ഗള്ളിയിൽ ക്യാച്ചായി. ക്യാപ്റ്റൻ മടങ്ങിയതോടെ ടീമിന്റെ പ്രതീക്ഷ അസ്തമിച്ചു.

ഇവിടെ എങ്ങനെ ബാറ്റുചെയ്യണമെന്ന് ഓസീസിന്റെ രണ്ടാമിന്നിങ്‌സിൽ മാത്യു വെയ്ഡും ജോ ബേൺസും കാണിച്ചുതന്നു. വെയ്ഡിന് ഇതിനു മുമ്പ് ഒരു ഫസ്റ്റ്ക്ലാസ് മത്സരംപോലും ഓപ്പൺ ചെയ്ത് പരിചയമില്ല എന്നോർക്കണം.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന് പുറത്തെ വിക്കറ്റുകളിൽ നിരന്തരം ഓഫ്സ്റ്റമ്പിനുനേരെയും പുറത്തേക്കും ബൗൾ ചെയ്ത് ഇന്ത്യൻ ബാറ്റ്‌സ്മാൻമാരെ വീഴ്ത്തുന്നത് സ്ഥിരം കാഴ്ചയാണ്. രാഹുൽ ദ്രാവിഡിനെയും വി.വി.എസ്. ലക്ഷ്മണനെയും പോലുള്ള ബാറ്റ്‌സ്മാൻമാരുടെ അഭാവമാണ് ഇവിടെ പ്രകടമായത്. അല്ലെങ്കിൽ വീരേന്ദർ സെവാഗിനെയോ യുവരാജിനെയോ പോലെ, പ്രതികൂല സാഹചര്യത്തിലും ആക്രമിച്ചുകളിച്ച് റൺ നേടുന്ന ഒരാൾ വേണമായിരുന്നു. അവിടെയാണ് ടീം സെലക്ഷൻ പാളിച്ച വ്യക്തമാവുന്നത്.

പൃഥ്വി ഷാ, വൃദ്ധിമാൻ സാഹ എന്നിവരെ കളിപ്പിക്കാനുള്ള തീരുമാനം തീർത്തും തെറ്റായി. കെ.എൽ. രാഹുൽ, ഋഷഭ് പന്ത് എന്നിവരെ മാറ്റിനിർത്തിയാണ് ഇവർക്കവസരം നൽകിയത്. രണ്ടിന്നിങ്‌സിലും പൃഥ്വി ഷാ പുറത്തായ രീതി പരിതാപകരമായിരുന്നു. അഡ്‌ലെയ്ഡ് പോലെ വേഗവും ബൗൺസുമുള്ള വിക്കറ്റിൽ ഇന്നിങ്‌സ് ഓപ്പൺ ചെയ്യാനുള്ള യോഗ്യതയേ ഇല്ലെന്ന് പൃഥ്വി തെളിയിച്ചു. ബാറ്റിനും പാഡിനുമിടയിലെ വിശാലമായ വിടവിലൂടെയാണ് പന്ത് വിക്കറ്റിലേക്ക് പോയത്. ബാറ്റിങ്ങിന്റെ പ്രാഥമിക പാഠം മറന്നതിന്റെ സൂചനയാണിത്. ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിങ്‌സിൽ ടോപ് സ്കോററായ ലെബൂഷെയ്ൻ നൽകിയ അനായാസ ക്യാച്ച് വിട്ടു കളയുകയും ചെയ്തു.

ഈ പര്യടനത്തിലെ ഏകദിന, ട്വൻറി 20 മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച കെ.എൽ. രാഹുലിനെ ഒാപ്പണറാക്കുന്നതായിരുന്നു ഉചിതം. വിക്കറ്റ് കീപ്പിങ്ങിലെ മികവുകൊണ്ടാണ് 36-കാരനായ സാഹയെ കളിപ്പിച്ചത്. പക്ഷേ, വിക്കറ്റിനുപിന്നിലും സാഹ പരാജയമായി. ഋഷഭ്പന്ത് ടീമിലേക്ക് വരികയാണെങ്കിൽ അത്യാവശ്യഘട്ടങ്ങളിൽ ആക്രമിച്ച് കളിക്കാനാകും.

ഏകദിന, ടി-20 പരമ്പരകളിൽ മികവ് പുലർത്തിയ ഹാർദിക്കിനെ ടെസ്റ്റിൽ നിലനിർത്താതിരുന്നതും നഷ്ടമായി.

വ്യക്തിപരമായ കാരണങ്ങളാൽ കോലി നാട്ടിലേക്ക് മടങ്ങുകയാണ്. ബാറ്റിങ് ഇനിയും ക്ഷീണിക്കും. പ്രതിസന്ധി ഘട്ടങ്ങളിലാണ് ചാമ്പ്യൻമാർ പിറക്കുന്നത്. കോലിയുടെ ക്യാപ്റ്റൻസിയിൽ ഏറെ സംശയം ഉയർന്നിരിക്കുന്ന ഘട്ടംകൂടിയാണ്. പുതിയൊരു ക്യാപ്റ്റന് സ്ഥാനമുറപ്പിക്കാനും ഇതുതന്നെ അവസരം.