ബംബോലിം: അഞ്ച് മത്സരം കഴിഞ്ഞിട്ടും ജയം നേടാൻ കഴിയാത്ത കേരള ബ്ലാസ്റ്റേഴ്‌സും കൊൽക്കത്ത ഈസ്റ്റ് ബംഗാളും നേർക്കുനേർ. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ഞായറാഴ്ച രാത്രി 7.30- നാണ് തുല്യദുഃഖിതരുടെ കളി.

തലവേദന മാറാതെ കിബു

ഓരോ മത്സരത്തിലും ഓരോ പ്രശ്നങ്ങളാണ് ബ്ലാസ്റ്റേഴ്‌സിന്. കഴിഞ്ഞ മത്സരത്തിൽ ബെംഗളൂരു എഫ്.സി.ക്കെതിരേ പ്രതിരോധം പൂർണ പരാജയമായി. ഞായറാഴ്ച, സിംബാബ്‌വെ താരം കോസ്റ്റ നമോയിൻസുവിന്റെ തിരിച്ചുവരവ് പ്രതിരോധം ശക്തിപ്പെടുത്തും. ഫിനിഷിങ് മറന്ന മുന്നേറ്റവും ഭാവനയില്ലാത്ത മധ്യനിരയും ടീമിന് തിരിച്ചടിയാണ്.

ഗോളടി മറന്ന മുന്നേറ്റനിരയാണ് ടീമിന് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. സൂപ്പർ താരം ഗാരി ഹൂപ്പർ ഇതുവരെ ഫോമിലേക്കുയർന്നിട്ടില്ല. ജോർഡാൻ മറെ കഴിഞ്ഞ മത്സരത്തിലാണ് ആദ്യ ഗോൾ നേടിയത്. ലീഗിലെ മറ്റു മുന്നേറ്റനിരകളുമായി തട്ടിച്ചുനോക്കുമ്പോൾ ബ്ലാസ്റ്റേഴ്‌സ് ഇതുവരെ മികവിലേക്കുയർന്നിട്ടില്ല. മധ്യനിരയിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നുണ്ട്. വിസന്റെ ഗോമസും ഫക്കുണ്ടോ പെരെയ്‌രെയും താളം കണ്ടെത്തി. ഗോൾ കീപ്പർ ആൽബിനോ ഗോമസിന്റെ മണ്ടത്തരങ്ങൾ കാരണമാണ് രണ്ട് കളികളിൽ ഗോൾ വഴങ്ങിയത്.

ചരിത്രജയത്തിനായി ഈസ്റ്റ് ബംഗാൾ

സൂപ്പർ ലീഗിലേക്ക് ആദ്യമായെത്തിയ ഈസ്റ്റ് ബംഗാളിന് ഇതുവരെ ജയിക്കാൻ കഴിയാത്തതിനാൽ പരിശീലകൻ റോബി ഫൗളറും കളിക്കാരും സമ്മർദത്തിലാണ്. കഴിഞ്ഞ മത്സരത്തിൽ ഹൈദരാബാദിനെതിരേ ലീഡ് നേടിയ ശേഷം തോറ്റു. ഒരു പോയന്റുമായി അവസാന സ്ഥാനക്കാരെന്ന നാണക്കേടിൽനിന്ന് കരകയറാനും ടീമിന് ജയം വേണം. ജാക് മക് ഹോമയും ആന്റണി പിൽകിങ്ടണും ഫോമിലേക്കുയർന്നാൽ കളി മെച്ചപ്പെടും.