കൊൽക്കത്ത: ഡ്യൂറാൻഡ് കപ്പ് ഫുട്‌ബോളിൽ ക്വാർട്ടർബെർത്തുറപ്പിക്കാൻ ഗോകുലം കേരള എഫ്.സി. ഞായറാഴ്ച ഇറങ്ങുന്നു. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഞായറാഴ്ച അസം റൈഫിൾസാണ് എതിരാളി. മത്സരം ഉച്ചയ്ക്ക് മൂന്നിന് കല്യാണി സ്റ്റേഡിയത്തിൽ. ജയിച്ചാൽ കേരള ടീം ക്വാർട്ടർഫൈനലിൽ എത്തും. സമനിലയോ തോൽവിയോ ആണെങ്കിൽ ഗ്രൂപ്പിലെ ആർമി റെഡ്- ഹൈദരാബാദ് എഫ്.സി. മത്സരഫലത്തിന്റെ അടിസ്ഥാനത്തിലാകും സാധ്യത.

ആദ്യകളിയിൽ ആർമി റെഡിനോട് സമനില വഴങ്ങിയ ഗോകുലം രണ്ടാം മത്സരത്തിൽ ഹൈദരാബാദിനെതിരേ പൊരുതി ജയിച്ചു. രണ്ട് കളികളിലും തോറ്റ റൈഫിൾസിനെതിരേ ജയിക്കാമെന്ന പ്രതീക്ഷയിലാണ് ടീം. ഘാന സ്‌ട്രൈക്കർ റഹീം ഒസുമാനു രണ്ട് മത്സരത്തിലും ഗോൾനേടിയത് പരിശീലകൻ വിസെൻസോ അന്നീസയ്ക്ക് ആത്മവിശ്വാസം പകരുന്നു. മധ്യനിരയിൽ നായകൻ ഷെരീഫ് മുഹമ്മദും മികച്ച പ്രകടനം നടത്തുന്നു. എന്നാൽ കഴിഞ്ഞ മത്സരത്തിൽ ചുവപ്പുകാർഡ് കണ്ട എമിൽ ബെന്നിയുടെ സേവനം ടീമിന് ലഭിക്കില്ല.

ഗ്രൂപ്പിൽ ഗോകുലത്തിലും ആർമിക്കും നാല് പോയന്റും ഹൈദരാബാദിന് മൂന്ന് പോയന്റുമാണുള്ളത്. ഗോൾ വ്യത്യാസത്തിൽ ആർമി ഒന്നാമതും ഗോകുലം രണ്ടാമതും.