ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകസ്ഥാനത്തേക്ക് അനിൽ കുംബ്ലെ തിരിച്ചെത്താൻ സാധ്യത തെളിയുന്നു. ഈവർഷം ഒടുവിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിനുശേഷം പരിശീലകസ്ഥാനം ഒഴിയുമെന്ന് രവി ശാസ്ത്രി പറഞ്ഞിരുന്നു. പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് കുംബ്ലെയെ സമീപിച്ചു എന്നാണ് വിവരം. മുൻ ഇന്ത്യൻതാരം വി.വി.എസ്. ലക്ഷ്മണും പരിഗണനയിലുണ്ട്.

2016-17 കാലത്ത് കുംബ്ലെ ഇന്ത്യൻ കോച്ചായിരുന്നു. സച്ചിൻ തെണ്ടുൽക്കർ, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മൺ എന്നിവരുൾപ്പെട്ട ഉപദേശകസമിതിയാണ് കുംബ്ലെയെ കോച്ചായി തിരഞ്ഞെടുത്തത്. എന്നാൽ, 2017 ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ പാകിസ്താനോട് തോറ്റതിനുപിന്നാലെ കുംബ്ലെ അപ്രതീക്ഷിതമായി രാജിവെച്ചു. ക്യാപ്റ്റൻ വിരാട് കോലിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് രാജിക്ക് കാരണമായത്.

ക്യാപ്റ്റന്റെ സമ്മർദത്തെത്തുടർന്ന് കോച്ച് രാജിവെക്കേണ്ടി വന്നത് ക്രിക്കറ്റിലെ മോശം പ്രവണതയായി മുതിർന്നതാരങ്ങൾ വിലയിരുത്തുന്നു. കുംബ്ലെയ്ക്ക് നീതി കിട്ടിയില്ല എന്ന വികാരവുമുണ്ട്. കുംബ്ലെയെ കോച്ചാക്കാൻ പ്രത്യേക താത്‌പര്യമെടുത്ത സൗരവ് ഗാംഗുലി ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബി.സി.സി.ഐ.) പ്രസിഡന്റ് കൂടിയാണ്. വിരാട് കോലി ട്വന്റി 20 ക്രിക്കറ്റ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് രാജിവെച്ചതും കുംബ്ലെയുടെ തിരിച്ചുവരവിന് വഴി തുറക്കുന്നു. 2023 ഏകദിന ലോകകപ്പിനുമുമ്പ് ഏകദിന ക്യാപ്റ്റൻ സ്ഥാനത്തുനിന്ന്‌ കോലിയെ മാറ്റാൻ സാധ്യതയുണ്ട്. ടെസ്റ്റിൽ 132 മത്സരവും 619 വിക്കറ്റുമുള്ള കുംബ്ലെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചാൽ അത് അദ്ദേഹത്തിനാകും മുൻഗണന. 271 ഏകദിനത്തിൽ 337 വിക്കറ്റുമുണ്ട്. കുംബ്ലെയ്ക്ക് താത്‌പര്യമില്ലെങ്കിലേ ലക്ഷ്മണിലേക്ക് കാര്യങ്ങൾ എത്തൂ. ഇരുവർക്കും താത്‌പര്യമില്ലെങ്കിൽ വിദേശ കോച്ചുമാരെ പരിഗണിക്കും. അങ്ങനെയെങ്കിൽ, ശ്രീലങ്കയുടെ ഇതിഹാസ താരം മഹേല ജയവർധനെ പട്ടികയിലുണ്ട്.