സിഡ്‌നി: വിവാദമായ പന്തുചുരണ്ടൽ വിവാദത്തെപ്പറ്റി അറിഞ്ഞിരുന്നില്ലെന്ന് അന്ന് ഓസ്‌ട്രേലിയൻ ടീമിലുണ്ടായിരുന്ന ബൗളർമാർ. പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്, ജോഷ് ഹേസൽവുഡ്, നേഥൻ ലയൺ എന്നീ ഓസ്‌ട്രേലിയൻ ബൗളർമാരാണ് ഇക്കാര്യം വ്യക്തമാക്കിയത്.

‘പന്തിന്റെ തിളക്കം കുറയ്ക്കാൻ വേണ്ടി പുറത്തുനിന്നൊരു വസ്തു ഗ്രൗണ്ടിലേക്ക് കൊണ്ടുവരുന്ന കാര്യം ഞങ്ങൾക്കറിയില്ലായിരുന്നു. ടി.വി. സ്‌ക്രീനിൽ കണ്ടപ്പോഴാണ് പന്തിൽ കൃത്രിമം കാണിച്ചതായി മനസ്സിലാക്കിയത്.’ -ബൗളർമാർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

2018-ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റിനിടെ ഓസ്‌ട്രേലിയയുടെ കാമറൂൺ ബാൻക്രോഫ്റ്റ് പന്തിന്റെ ഒരു ഭാഗം സാൻഡ് പേപ്പർ ഉപയോഗിച്ച് ചുരണ്ടിയ സംഭവം വലിയ വിവാദമായിരുന്നു. ബൗളർമാർക്ക് ആനുകൂല്യം കിട്ടാനാണ് ഇങ്ങനെ ചെയ്തത്.

ഇതേക്കുറിച്ച് ബൗളർമാർക്ക് അറിയാമായിരുന്നെന്ന് ബാൻക്രോഫ്റ്റ് ഈയിടെ വെളിപ്പെടുത്തിയിരുന്നു. ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് ഇതേപ്പറ്റി പുനരന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ബൗളർമാര്‍ പ്രസ്താവന ഇറക്കിയത്.