കോഴിക്കോട്: കോവിഡ് വ്യാപനത്തോടെ കാണികളെ ഒഴിവാക്കി മിക്കവാറും കായികവിനോദങ്ങൾ ലോകമെമ്പാടും നടക്കുന്നുണ്ട്. എന്നാൽ കാണികളും ആരവങ്ങളുമില്ലെങ്കിൽ നടത്താൻ കഴിയാത്ത ഒരു ജനപ്രിയ വിനോദം കേരളത്തിലുണ്ട്. സെവൻസ് ഫുട്‌ബോൾ. ചരിത്രത്തിലാദ്യമായി കേരളത്തിൽ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റുകളില്ലാതെ ഒരു സീസൺ അവസാനിക്കുന്നു.

കഴിഞ്ഞ സീസണിന്റെ പകുതിയിൽ നിലച്ചുപോയതാണ് സെവൻസ് കളിക്കളങ്ങൾ. കോവിഡ് വ്യാപിച്ചതോടെ രാജ്യത്തെ എല്ലാ കായികവിനോദങ്ങളും നിലച്ചു. ഇടക്കാലത്ത് രോഗവ്യാപനം കുറഞ്ഞതോടെ കാണികളില്ലാത്ത സ്റ്റേഡിയങ്ങളിൽ ഇലവൻസ് ഫുട്‌ബോളും ക്രിക്കറ്റുമടക്കമുള്ള വിനോദങ്ങൾ തിരികെയെത്തി. എന്നാൽ കാണികൾക്ക് മാത്രമായുള്ള സെവൻസ് ഫുട്‌ബോൾ വീണ്ടും തുടങ്ങാനായില്ല. അടുത്ത സീസണിലും പന്തുരുളുമോയെന്ന് ഉറപ്പില്ല.

കേരളത്തിലെ സമാന്തര ഫുട്‌ബോളായ സെവൻസ്, കാണികളില്ലെങ്കിൽ പരാജയമാകും. ആളും ആരവങ്ങളുമാണ് അതിന്റെ ഹൃദയതാളം. കിരീടങ്ങളേക്കാൾ കാണികളുടെ കൈയടികളാണ് സെവൻസ് ടീമുകളെ മുന്നോട്ടുകൊണ്ടു പോകുന്നത്. കോവിഡ് വ്യാപനത്തോടെ ഗാലറികളിലേക്ക് കാണികൾക്ക് പ്രവേശനമില്ലാതായതിനാൽ ഇക്കുറി ടൂർണമെന്റുകളെപ്പറ്റി ആലോചിക്കാനേ പറ്റിയില്ല.

കേരളത്തിൽ അസോസിയേഷനുകീഴിൽ നാൽപ്പതോളം ടൂർണമെന്റുകൾ നടക്കുന്നു. 31 ടീമുകൾ മത്സരിക്കുന്നു. 450-ലധികം കളിക്കാർ ഓരോ സീസണിലുമായി രജിസ്റ്റർ ചെയ്യപ്പെടുന്നു.

കളി മുടങ്ങിയതിനാൽ ക്ലബ്ബുകൾ സജീവമല്ല. കളിക്കാരും ഇതുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരും മറ്റ് പ്രവർത്തനങ്ങളിലേക്ക് മാറി. ഓരോ സീസണിലും നടക്കുന്ന ലക്ഷക്കണക്കിന് രൂപയുടെ ജീവകാരുണ്യപ്രവർത്തനങ്ങളും മുടങ്ങി.

സെവൻസ് ടൂർണമെന്റ് മുടങ്ങിയ കാലം ഓർമയിലില്ല. ഇനിയെന്ന് തുടങ്ങുമെന്ന് അന്വേഷിച്ച് ഒട്ടേറെപ്പേർ എന്നും വിളിക്കാറുണ്ട്. കാണികളില്ലാത്ത സെവൻസ് ടൂർണമെന്റിനെപ്പറ്റി ആലോചിക്കാനേ കഴിയില്ല.

സൂപ്പർ അഷ്‌റഫ്

സെക്രട്ടറി

സെവൻസ് ഫുട്‌ബോൾ അസോസിയേഷൻ