: ചെകുത്താനും കടലിനും മധ്യേ എന്നു പറഞ്ഞപോലെയാണ് കാര്യങ്ങൾ. കൊറോണ ഭീഷണി നാൾക്കുനാൾ തീവ്രമാകുന്നു. കോടിക്കണക്കിനു രൂപ ചെലവഴിച്ച് ആസൂത്രണം ചെയ്യുന്ന കായികമത്സരങ്ങൾ ഒരു സുപ്രഭാതത്തിൽ ഉപേക്ഷിക്കേണ്ടിവരുന്ന സംഘാടകരുടെ പ്രതിസന്ധി ചെറുതല്ല. ഇതിനിടെ പലതരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങളെയും നേരിടണം.

ഫ്രഞ്ച് ഓപ്പൺ ടെന്നീസ് അടുത്ത സെപ്റ്റംബർ 20-ലേക്ക് നീട്ടിയതിനെ താരങ്ങൾതന്നെ വിമർശിക്കുന്നു. നാല് ഗ്രാൻസ്ലാം ടൂർണമെന്റുകളിലൊന്നായ ഫ്രഞ്ച് ഓപ്പൺ, ക്ലേ കോർട്ടിൽ നടക്കുന്ന സുപ്രധാന ടൂർണമെന്റാണ്. സാധാരണയായി ഫ്രഞ്ച് ഓപ്പൺ കഴിഞ്ഞ് വിംബിൾഡണും അതുകഴിഞ്ഞ് യു.എസ്. ഓപ്പണും നടക്കും. തീയതി നീട്ടിയതോടെ ഹാർഡ്‌ കോർട്ട്/ഗ്രാസ് കോർട്ട് മത്സരങ്ങൾക്കിടിയിലാകും ഫ്രഞ്ച് ഓപ്പൺ. കളിക്കാരുടെ തയ്യാറെടുപ്പും പ്രകടനമികവുമെല്ലാം ഇവിടെ താളംതെറ്റും. അതുകൊണ്ടാണ് കളിക്കാർ വിമർശനവുമായിവന്നത്.

ഒളിമ്പിക്സിലാണെങ്കിൽ, മത്സരവുമായി മുന്നോട്ടുപോകുമെന്ന അസോസിയേഷന്റെ നിലപാടിനെതിരാണ് താരങ്ങൾ. മത്സരം നടത്തുന്നത് തങ്ങളുടെ ആരോഗ്യത്തെ അപകടത്തിലാക്കുമെന്ന് പോൾവാൾട്ട് താരം കാതറീന സ്റ്റെഫാനിഡിയും ഹെപ്റ്റാത്തലൺ ജേതാവായ ജോൺസൺ തോംസണും പറഞ്ഞു.

ഈ സാഹചര്യത്തിൽ മത്സരവുമായി മുന്നോട്ടുപോകാനുള്ള തീരുമാനം അസംബന്ധവും നിരുത്തരവാദപരവുമാണെന്ന് ഒളിമ്പിക് കമ്മിറ്റി അംഗം ഹേലി വിക്കെൻസർ ആഞ്ഞടിച്ചു. താരങ്ങളുടെ പരിശീലനവും യാത്രയുമെല്ലാം അനിശ്ചിതത്വത്തിലാണ്. അടുത്ത 24 മണിക്കൂറിൽ എന്തുസംഭവിക്കുമെന്ന് പറയാനാകാത്ത സ്ഥിതിയും. ഇതിനിടെ ഒളിമ്പിക്സുമായി മുന്നോട്ടുപോകാനുള്ള തീരുമാനം അപകടകരമാണ് -ഹേലി കൂട്ടിച്ചേർത്തു.

എന്നാൽ, അസാധാരണ സാഹചര്യത്തിൽ അസാധാരണ തീരുമാനങ്ങളും വേണ്ടിവരുമെന്നാണ് ഒളിമ്പിക് അസോസിയേഷന്റെ പ്രതികരണം. ഇതിന് എളുപ്പത്തിലുള്ള പരിഹാരങ്ങളില്ലെന്നും അസോസിയേഷൻ പറഞ്ഞു.