ജൊഹാനസ്ബർഗ്: ഇന്ത്യയിലെത്തിയശേഷം തിരിച്ചുപോയ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരങ്ങളോട് 14 ദിവസം സ്വയം ഏകാന്തവാസത്തിൽ പോകാൻ ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടു. എന്തെങ്കിലും ശാരീരികാസ്വസ്ഥത തോന്നിയാൽ പരിശോധനയ്ക്കു വിധേയരാകാനും നിർദേശമുണ്ട്.

ഇന്ത്യയിൽ മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയ്ക്കാണ് ടീം എത്തിയതെങ്കിലും ഒരു മത്സരംപോലും കളിക്കാനായില്ല. ധർമശാലയിൽ നടക്കേണ്ട ആദ്യ ഏകദിനം മഴകാരണം ഉപേക്ഷിച്ചു. ശേഷിച്ച രണ്ട് ഏകദിനങ്ങൾ കൊറോണ കാരണം ഉപേക്ഷിച്ചു. ബുധനാഴ്ചയാണ് ടീം ദക്ഷിണാഫ്രിക്കയിൽ തിരിച്ചെത്തിയത്.

കൊറോണ ഭീഷണിയുണ്ടായിരുന്നതിനാൽ ടീം എത്തിയപ്പോൾത്തന്നെ കളിക്കാർ വളരെ ശ്രദ്ധയോടെയാണ് നീങ്ങിയതെന്ന് ടീം ഡോക്ടർ ഡോ. ഷുഹൈബ് മഞ്ജ്ര പറഞ്ഞു. പ്രത്യേക വിമാനത്തിലാണ് ടീമംഗങ്ങൾ യാത്രചെയ്തത്. പ്രതിരോധമാർഗങ്ങൾ സ്വീകരിച്ചശേഷമായിരുന്നു പരിശീലനം -ഡോക്ടർ പറഞ്ഞു.