ആംസ്റ്റർഡാം: 12 വർഷത്തിനുശേഷം യൂറോ കപ്പ് ഫുട്ബോളിൽ ഓറഞ്ച് വസന്തം വരുന്നു. ഗ്രൂപ്പ് സി-യിൽ ഓസ്ട്രിയയെ കീഴടക്കി രണ്ടാം ജയത്തോടെ ഹോളണ്ട് പ്രീക്വാർട്ടർ ബർത്തുറപ്പിച്ചു. 2008-നുശേഷം ആദ്യമായാണ് ഹോളണ്ട് യൂറോ കപ്പിൽ നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കുന്നത്.

എതിരില്ലാത്ത രണ്ടു ഗോളിനാണ് ഓസ്ട്രിയയെ കീഴടക്കിയത്. മെംഫീസ് ഡീപെ (പെനാൽട്ടി 11), ഡെൻസിൽ ഡെംഫ്രീസ് (67) എന്നിവർ ഗോൾ നേടി. ആദ്യമത്സരത്തിലും ഡെംഫ്രീസ് സ്‌കോർ ചെയ്തിരുന്നു. രണ്ടു കളിയിൽ ഹോളണ്ടിന് ആറു പോയന്റായി.

ആദ്യകളിയിൽ ജയിച്ചെങ്കിലും ഏറെ പഴികേട്ട 3-5-2 ശൈലിയിൽ തന്നെയാണ് ഫ്രാങ്ക് ഡിബോയർ ഹോളണ്ടിനെ ഇറക്കിയത്. ഓസ്ട്രിയ 3-1-4-2 ശൈലിയിലും കളിച്ചു. ഡെംഫ്രീസിനെ ഡേവിഡ് അലാബ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി കിക്കാണ് ഡീപെ ഓസ്ട്രിയൻ വലയിലെത്തിച്ചത്. രണ്ടാം പകുതിയിൽ ഗോളി മാത്രം മുന്നിൽനിൽക്കെ ഡോണിയൽ മലെൻ നൽകിയ പാസിൽനിന്നാണ് ഡെംഫ്രീസ് ഗോൾ നേടിയത്.

വിമർശനവിധേയമായെങ്കിലും മൂന്ന് പ്രതിരോധനിരക്കാരെ അണിനിരത്തിയുള്ള ഗെയിംപ്ലാനിൽ വിജയിക്കാൻ കഴിഞ്ഞത് ഡച്ച് പരിശീലകൻ ഫ്രാങ്ക് ഡി ബോയർക്ക് ആത്മവിശ്വാസം നൽകും. രണ്ടു കളിയിൽ ടീം അഞ്ചു ഗോൾ നേടി. യുക്രൈനെതിരേ രണ്ടു ഗോൾ വഴങ്ങി. വിങ് ബാക്കാണെങ്കിലും ഡെംഫ്രീസിനെ മുന്നേറ്റനിരക്കാരന്റെ റോളിൽ കളിപ്പിക്കുന്നത് വിജയത്തിൽ നിർണായകമായി. രണ്ടു കളിയിലും ഡെംഫ്രീസ് തന്റെ റോൾ ഭംഗിയാക്കി.