റിയോ ഡി ജനൈറോ: കോപ്പ അമേരിക്ക ഫുട്‌ബോളിൽ തുടർച്ചയായ രണ്ടാം കളിയിലും ഗോളുമായി സൂപ്പർ താരം നെയ്മർ തിളങ്ങിയതോടെ ബ്രസീലിന് തകർപ്പൻ ജയം. പെറുവിനെ 4-0ത്തിന് തോൽപ്പിച്ചു. അലക്‌സ് സാൻഡ്രോ (12), നെയ്മർ (68), എവർട്ടൺ റിബെയ്‌റോ (89), റിച്ചാലിസൻ (90+3) എന്നിവർ ഗോൾ നേടി. രാജ്യത്തിനായി നെയ്മറുടെ 68-ാം ഗോളാണിത്.

ആദ്യകളിയിൽ ബ്രസീൽ വെനസ്വേലയെ തോൽപ്പിച്ചിരുന്നു. മറ്റൊരു കളിയിൽ കൊളംബിയയെ വെനസ്വേല ഗോൾരഹിത സമനിലയിൽ തളച്ചു.

4-2-3-1 ശൈലിയിലാണ് ബ്രസീലും പെറുവും കളിച്ചത്. ബ്രസീൽ ഡിഫൻസീവ് മിഡ്ഫീൽഡിൽ ഫ്രെഡും ഫാബീന്യോയും കളിച്ചു. മികച്ച പാസിങ് ഗെയിമാണ് ബ്രസീൽ പുറത്തെടുത്തത്. തുടർച്ചയായ രണ്ടാം മത്സരത്തിലും നെയ്മർ തകർപ്പൻ ഫോമിലേക്കുയർന്നു. എവർട്ടണിന്റെ ഗോളിന് വഴിയൊരുക്കിയ നെയ്മർ മറ്റ് ഗോളുകൾക്കുപിന്നിലും പ്രധാന പങ്കുവഹിച്ചു.

12-ാം മിനിറ്റിൽ ഗബ്രിയേൽ ജെസ്യൂസിന്റെ പാസിൽനിന്ന് ഗോൾ നേടി പ്രതിരോധതാരം അലക്‌സ് സാൻഡ്രോ ബ്രസീലിനെ മുന്നിലെത്തിച്ചു. തുടർന്ന് ആക്രമിച്ചുകളിച്ചെങ്കിലും ഗോൾ വന്നില്ല. രണ്ടാം പകുതിയിൽ ബ്രസീൽ ആക്രമണം ശക്തമാക്കി. 61-ാം മിനിറ്റിൽ നെയ്മറെ ബോക്‌സിൽ വീഴ്ത്തിയതിന് റഫറി പെനാൽട്ടി വിധിച്ചെങ്കിലും വാർ പരിശോധനയിൽ അനുവദിച്ചില്ല. എന്നാൽ, എട്ടു മിനിറ്റിനകം നെയ്മർ ഗോൾ നേടി. ബോക്‌സിന് പുറത്തുനിന്ന് നെയ്മറുടെ നിലംപറ്റെയുള്ള ഷോട്ട് പെറു വലയിൽ കയറി. കളിയുടെ അവസാനഘട്ടത്തിൽ പെറു പ്രതിരോധനിരയെ കീറിമുറിച്ച് ബ്രസീൽ മുന്നേറ്റം ഗോളവസരങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. കളി തീരാൻ രണ്ടുമിനിറ്റ് ബാക്കിനിൽക്കെ റിച്ചാലിസൻ നൽകിയ പാസിൽ എവർട്ടൺ അനായാസം ലക്ഷ്യംകണ്ടു. ഇഞ്ചുറി ടൈമിൽ റിച്ചാലിസൻ പട്ടിക പൂർത്തിയാക്കി. ആദ്യ അവസരത്തിൽ ഷോട്ട് ദുർബലമായെങ്കിലും രണ്ടാം അവസരത്തിൽ ബ്രസീൽ താരം ഗോൾ കണ്ടെത്തി. ഗ്രൂപ്പ് ബിയിൽ ആറു പോയന്റുമായി ബ്രസീൽ ഒന്നാമതാണ്. നാല് പോയന്റുമായി കൊളംബിയ രണ്ടാമതുണ്ട്.