ബാഴ്‌സലോണ : സംഭവബഹുലമായ മത്സരത്തിൽ എഫ്.സി. ബാഴ്‌സലോണയെ അട്ടിമറിച്ച് അത്‌ലറ്റിക്കോ ബിൽബാവോ സ്പാനിഷ് സൂപ്പർ കപ്പ് ഫുട്‌ബോളിൽ ചാമ്പ്യൻമാരായി. ഫൈനലിൽ 3-2 നായിരുന്നു ജയം. കളി എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. ബാഴ്‌സ സൂപ്പർതാരം മെസ്സി കരിയറിൽ ആദ്യമായി ചുവപ്പുകാർഡ് കാണുന്നതിനും മത്സരം സാക്ഷ്യം വഹിച്ചു.

ഓസ്‌കർ ഡി മാർക്കോസ് (42), ഏസിയർ വില്ലാലിബ്രെ (90), ഇനാകി വില്യംസ് (93) എന്നിവർ ബിൽബാവോയ്ക്കായി സ്കോർ ചെയ്തു. ബാഴ്‌സയ്ക്കായി അന്റോയിൻ ഗ്രീസ്മാൻ (40, 77) ഇരട്ടഗോൾ നേടി.

രണ്ടുതവണ ലീഡ് നേടിയ ശേഷമാണ് ബാഴ്‌സ തോൽവി വഴങ്ങിയത്. ചരിത്രത്തിൽ മൂന്നാം തവണയാണ് ബിൽബാവോ കിരീടം നേടുന്നത്. സെമിയിൽ റയൽ മഡ്രിഡിനെ കീഴടക്കിയാണ് ടീം കിരീടപോരാട്ടത്തിന് അർഹത നേടിയത്.

അവസാന മിനിറ്റിൽ സമനില നേടിയ ബിൽബാവോ എക്സ്ട്രാ ടൈമിന്റെ തുടക്കത്തിൽതന്നെ സ്കോർ ചെയ്ത് വിജയം പിടിച്ചെടുത്തു.