ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ കിരീടപോരാട്ടം കനക്കുന്നു. ഒന്നാം സ്ഥാനക്കാരായ മാഞ്ചെസ്റ്റർ യുണൈറ്റഡും നിലവിലെ ചാമ്പ്യൻമാരായ ലിവർപൂളും ഗോൾരഹിത സമനിലയിൽ പിരിഞ്ഞതും മാഞ്ചെസ്റ്റർ സിറ്റിയുടെ വിജയവുമാണ് ലീഗിന്റെ കടുപ്പം കൂട്ടിയത്.

18 കളിയിൽ 37 പോയന്റുമായി യുണൈറ്റഡ് ഒന്നാം സ്ഥാനത്ത് തുടരുന്നു. എന്നാൽ ഒരു മത്സരം കുറച്ചുകളിച്ച സിറ്റിക്ക് 35 പോയന്റുണ്ട്. 18 കളിയിൽ ലെസ്റ്റർ സിറ്റിക്ക് 35 പോയന്റും ലിവർപൂളിന് 34 പോയന്റും ടോട്ടനത്തിന് 33 പോയന്റുമുണ്ട്. ഇനിയുള്ള ഓരോ മത്സരങ്ങളും കിരീടമോഹികൾക്ക് നിർണായകമാകും.

യുണൈറ്റഡും ലിവർപൂളും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. അതേസമയം, സിറ്റി ക്രിസ്റ്റൽ പാലസിനെ തകർത്തു (4-0). ജോൺ സ്റ്റോൺസ് ഇരട്ടഗോൾ (26, 68) നേടി. ഇൽകേ ഗുണ്ടോഗൻ (56), റഹീം സ്റ്റർലിങ് (88) എന്നിവർ സ്കോർ ചെയ്തു.

ടോട്ടനം ഷെഫീൽഡ് യുണൈറ്റഡിനെ തോൽപ്പിച്ചു (3-1). സെർജി ഔറിർ (5), ഹാരി കെയ്ൻ (40), ടാൻഗു എൻഡോംബലെ (62) എന്നിവർ ടോട്ടനത്തിനായി ഗോൾ നേടി. ഡേവിഡ് മാക് ഗോൾഡ്‌റിക് (59) ഷെഫീൽഡിനായി ലക്ഷ്യം കണ്ടു.